കോട്ടയം : പാലാ വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സംബന്ധിച്ച് എന്‍.സി.പി. ദേശീയ നേതൃത്വവും തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാണി സി. കാപ്പന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലാ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല, അത് നേരത്തെ പറഞ്ഞതാണ്. എം.എല്‍.എ. എന്ന നിലയില്‍ ഞാന്‍ മികച്ച പ്രവര്‍ത്തനമാണ് പാലായിൽ നടത്തിയത്. അവര്‍ക്കെങ്ങനെ പാലാ വേണമെന്ന് പറയാനാവും, ഞാനല്ലേ ഇവിടെ ജയിച്ചത്.’ മാണി സി കാപ്പന് പറഞ്ഞു. എന്‍.സി.പി. ഇപ്പോഴും ഇടതമുന്നണിയില്‍ തന്നെയാണ്, അതിന് മാറ്റമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എന്‍.സി.പിക്ക് പരിഗണ ലഭിച്ചില്ല, സീറ്റ് ചര്‍ച്ച പോലും നടന്നില്ല. അവഗണന മാത്രമാണ് ഉണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് മികച്ച പ്രവര്‍ത്തനം നടത്താനായിട്ടില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു.
Post Your Comments