Latest NewsNewsIndia

കശ്മീരില്‍ ഭൂമി സ്വന്തമാക്കാന്‍ മോഹിച്ച ജ്വല്ലറി ഉടമയ്ക്കുനേരെ നിറയൊഴിച്ച് ഭീകരര്‍; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പോ?

കശ്മീര്‍ താഴ്‌വരയില്‍ താമസിക്കുന്ന 10 ലക്ഷം പേര്‍ക്ക് ഇതുവരെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാനുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയ അറുപത്തിയഞ്ചുകാരനായ ജ്വല്ലറി ഉടമയെ ഭീകരര്‍ കടയില്‍ കയറി വെടിവച്ചു കൊന്നു. എന്നാൽ കഴിഞ്ഞ 50 വര്‍ഷമായി ശ്രീനഗറില്‍ താമസിക്കുന്ന പഞ്ചാബില്‍നിന്നുള്ള സത്പാല്‍ നിശ്ചല്‍ എന്ന സ്വര്‍ണവ്യാപാരിയെയാണ് തിരക്കേറിയ ചന്തയിലെ കടയില്‍ വച്ച് വെടിവച്ചു കൊന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമപ്രകാരം ജമ്മുവില്‍ ഭൂമി സ്വന്തമാക്കാനുള്ള സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ മാസമാണ് സത്പാലിനു ലഭിച്ചത്.

എന്നാൽ റസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സത്പാല്‍ കുടിയേറ്റ പദ്ധതിയുടെ ഭാഗമാണെന്നും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടുന്നവരെയെല്ലാം കടന്നുകയറ്റക്കാരായി പരിഗണിക്കുമെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കുന്ന പൗരന്മാര്‍ക്കും ജമ്മു കശ്മീരില്‍ സ്വത്തുവകകള്‍ വാങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം വിജ്ഞാപനം ചെയ്തത്. കശ്മീര്‍ താഴ്‌വരയില്‍ താമസിക്കുന്ന 10 ലക്ഷം പേര്‍ക്ക് ഇതുവരെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇവരില്‍ ഭൂരിഭാഗവും നാട്ടുകാര്‍ തന്നെയാണ്.

Read Also: 30 വര്‍ഷത്തെ കീഴ്‌വഴക്കം; ആണവ വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

അതേസമയം കൊല്ലപ്പെട്ട സത്പാലിന്റെ കുടുംബം പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍നിന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് കശ്മീരില്‍ എത്തി തലമുറകളായി ഇവിടെ സ്വര്‍ണവ്യാപാരം നടത്തുന്നവരാണ്. ഭീകരവാദം തഴച്ചുവളര്‍ന്ന് കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍നിന്നു പലായനം ചെയ്ത സമയത്തും സത്പാലിന്റെ കുടുംബം ഇവിടെ തന്നെ തുടരുകയായിരുന്നു. സത്പാല്‍ തങ്ങള്‍ക്കു സഹോദരനെ പോലെ ആയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. പുറത്തുനിന്നുള്ള ആളാണെന്നു തോന്നിയിട്ടേയില്ലെന്നും വലിയ സ്‌നേഹത്തോടെയാണു പെരുമാറിയിരുന്നതെന്നും അയല്‍വാസിയായ ഷബീര്‍ അഹമ്മദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെല്ലാം ഭീഷണിയുണ്ടെന്നാണു നിഗമനമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button