Latest NewsKeralaNews

കത്തിയമര്‍ന്ന രാജന്റെയും അമ്പിളിയുടെയും മക്കളെ സഹായിക്കാന്‍ ഷാഫി പറമ്പില്‍ രംഗത്ത്

പൊലീസിന്റെ അമിത താല്‍പ്പര്യം നിറഞ്ഞ നടപടിയോട് ദുര്‍ബലമായ ചെറുത്തു നില്‍പ്പു നടത്തി കീഴടങ്ങുകയായിരുന്നു രാജനും അമ്പിളിയും.

തിരുവനന്തപുരം: നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ‘അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നു’- ഷാഫി പറമ്പില്‍ ഫേസ്‌ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇവ. അച്ഛനും അമ്മയും കണ്‍മുന്നില്‍ കത്തിയമരുന്ന കാഴ്‌ച്ച കാണേണ്ടി വന്ന ആ മക്കളോട് ക്ഷമാപണം നടത്തിക്കൊള്ള ഷാഫിയുടെ വാക്കുകള്‍ ഓരോ മലയാളികളുടെയും നെഞ്ചിലാണ് തറയ്ക്കുന്നത്. പൊലീസിന്റെ അമിത താല്‍പ്പര്യം നിറഞ്ഞ നടപടിയോട് ദുര്‍ബലമായ ചെറുത്തു നില്‍പ്പു നടത്തി കീഴടങ്ങുകയായിരുന്നു രാജനും അമ്പിളിയും.

ദമ്പതികളുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ജനങ്ങളോട് സര്‍ക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ഇടപെടണം. നിയമം സഹാനുഭൂതിയോടെയാണ് നടപ്പാക്കേണ്ടിയിരുന്നത്. കുറച്ച്‌ കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണവും വേണം. കോവിഡ് മൂലവും അല്ലാതെയും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയെന്നും രമേശ് ചെന്നിത്തല ഫേസ്‌ബുക്കില്‍ കുറിച്ചു.

Read Also: ശോഭാ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും പാർട്ടി കോർ കമ്മിറ്റിയിൽ? തീരുമാനവുമായി ബിജെപി ദേശീയ നേതൃത്വം

ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ തനിച്ചാണ്. രാഹുല്‍ പഠനം നിറുത്തി വര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവര്‍ഷം മുമ്പ് അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച്‌ നെയ്യാറ്റിന്‍കര മുനിസിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികള്‍ തീകൊളുത്തിയത്.പുരയിടത്തില്‍ വീട് നിര്‍മ്മിച്ചതിനാല്‍ കോടതി കമ്മിഷനെ നിയോഗിച്ച്‌ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജന്‍ തടസപ്പെടുത്തിയിരുന്നു. 22ന് എത്തിയപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികള്‍ പറഞ്ഞെങ്കിലും അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. എന്നാല്‍ സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി മക്കള്‍ രംഗത്തെത്തി.

രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ കത്തുകയായിരുന്നെന്നാണ് മക്കളുടെ ആരോപണം. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവര്‍ക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജനെയും ഭാര്യ അമ്ബിളിയെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒന്നോടെ രാജനും ഇന്നലെ ഉച്ചയോടെ ഭാര്യ അമ്ബിളിയും മരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും പൊള്ളലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button