മാധ്യമം: ഗുജറാത്തിൽ നിന്നുള്ള മുതിർന്ന എംപിയും ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന മൻസുഖ് ഭായ് വാസവ ബിജെപിയിൽ നിന്നും രാജിവെച്ചു. ആറ് തവണ ഗുജറാത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപെട്ട വാസവക്ക് സംസ്ഥാത്തെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തി ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
“ഞാൻ പാർട്ടിയോട് വിശ്വസ്തനാണ്. പാർട്ടിയുടെ മൂല്യങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ ഒരു മനുഷ്യനാണ്. ഒരു മനുഷ്യൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ വരുത്തുന്നു. എന്റെ തെറ്റ് പാർട്ടിക്ക് നാശമുണ്ടാക്കാതിരിക്കാൻ ഞാൻ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയാണ്.ബജറ്റ് സെഷനിൽ ഞാൻ സ്പീക്കറെ നേരിട്ട് കാണുകയും ലോക്സഭാ അംഗത്വത്തിൽ നിന്നുള്ള രാജി അദ്ദേഹത്തിന് കൈമാറുകയും ചെയ്യും. ദയവായി ഈ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുക,” രാജി അറിയിച്ചു കൊണ്ടുള്ള കത്തിൽ അദ്ദേഹം എഴുതി.
നർമദ ജില്ലയിലെ 121 ഗ്രാമങ്ങളെ പരിസ്ഥിതി സെൻസിറ്റീവ് മേഖലയായി പ്രഖ്യാപിച്ച പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വാസവ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്ത് എഴുതിയിരുന്നു.
വാസവയുടെ രാജി സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമാണ് എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. വാസവ പാർട്ടിയുടെ മുതിർന്ന നേതാവും ലോക്സഭാ അംഗവുമാണെന്നും അദ്ദേഹവുമായുള്ള എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും രാജിക്കത്ത് കിട്ടിയതായി സ്ഥിരീകരിച്ച ബിജെപി സംസ്ഥാന വ്യക്താവ് പറഞ്ഞു.
Post Your Comments