പത്തനംതിട്ട: ഗര്‍ഭിണിയായ പശുവിനെ കുരുക്കിട്ട് കൊലപ്പെടുത്തി, ഞെട്ടിയ്ക്കുന്ന സംഭവം നടന്നിരിക്കുന്നത് കേരളത്തില്‍. എട്ട് മാസം ഗര്‍ഭിണിയായ പശുവിനോടാണ് സമൂഹ്യവിരുദ്ധര്‍ കൊടുംക്രൂരത കാണിച്ചത്. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് ചിലര്‍ കൊല്ലുകയായിരുന്നു എന്നാണ് വിവരം. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവില് സുന്ദരേശന്റെ പശുവാണ് ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.
വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ഡിവിഷന് ഓഫീസിന് സമീപത്തായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. റബര്‍ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ ഓഫിസില്‍ എത്തിച്ച് കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും എത്തിയിരുന്നു.
വിഷയം സംഘര്‍ഷത്തിന് കാരണമായതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയിരുന്നു. ശേഷം ചര്‍ച്ചയ്ക്കൊടുവില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പശുവിനെ സുന്ദരേശന് വിട്ടു നല്‍കിയിരുന്നു.
സുന്ദരേശന് രാത്രിയോടെ വീട്ടില്‍ എത്തി തൊട്ടടുത്ത റബര്‍ മരത്തില്‍ പശുവിനെ കെട്ടിയിട്ടു. തുടര്‍ന്ന് രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ചത്ത നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ കെട്ടിയ കയര്‍ കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് കേസെടുത്ത് അന്വഷണം ആംരഭിച്ചിട്ടുണ്ട്.
Post Your Comments