തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ലെന്നും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകും ഉണ്ടാവുകയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ബിജെപി വളരുന്ന പാര്‍ട്ടിയല്ല മറിച്ച് തളരുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
യുഡിഎഫിനെ തളർത്തി ബിജെപിയെ വളര്‍ത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം. സാമുദായികമായി ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി ചെയ്യുന്നത്. അത് എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അവരും ഈ വഴിയിലേക്കാണ് നീങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോയാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ ഭരണ തിരഞ്ഞെടുപ്പു പോലെയാകില്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ശബരിമല സമരം നടന്നിരുന്ന സമയത്തും എല്‍ഡിഎഫ് യുഡിഎഫിന്റെ വോട്ടുചോര്‍ത്താനുള്ള ശ്രമം നടത്തിയിരുന്നതായും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് ഫലം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments