കോട്ടയം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാര്‍ത്ഥിയായി മത്സരിക്കും എന്നുളള പിജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി മാണി സി കാപ്പന്‍. പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. പിജെ ജോസഫ് കുടുംബ സുഹൃത്താണെന്നും കാപ്പന്‍ പ്രതികരിച്ചു. അതേസമയം ജോസഫ് പറഞ്ഞത് മാണി സി കാപ്പന്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ താനും എന്‍സിപിയും എല്‍ഡിഎഫില്‍ തന്നെയാണെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
ശരദ് പവാറിന്റെ എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നും പാലാ സീറ്റ് ജോസഫ് വിഭാഗം വിട്ട് കൊടുക്കും എന്നുമാണ് പിജെ ജോസഫ് നേരത്തെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് എന്‍സിപി നേതൃത്വവും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പിജെ ജോസഫിനെ തളളി രംഗത്ത് വന്നിട്ടുണ്ട്. പിജെ ജോസഫിന് അങ്ങനെ പറയാന്‍ അവകാശം കൊടുത്തിട്ടുണ്ടാകുമെന്നും അതാരും ഗൗരവത്തില്‍ എടുക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
അതേസമയം മാണി സി കാപ്പൻ പാലായിൽ മത്സരിച്ചേക്കുമെന്ന സൂചന കോൺഗ്രസ് നേതാക്കൾ പ്രാദേശിക തലത്തിൽ പങ്കുവയ്ക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പൻ ക്യാമ്പും ചർച്ചകൾ നടത്തിയതായാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്തതിന് പകരമായി എൽഡിഎഫിൽ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇടപെട്ടുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കാപ്പൻ എൽഡിഎഫ് വിടുകയാണെങ്കിൽ സംസ്ഥാന എൻസിപിയിൽ പിളർപ്പുണ്ടായേക്കും.
Post Your Comments