തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻറെ കേരളപര്യടനം പതിനൊന്ന് ജില്ലകളില്‍ ഇതുവരെ പൂര്‍ത്തിയായി. കേരളത്തിന്റെ വികസനം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് എല്ലാ ജില്ലകളിലും നടക്കുന്നതെന്ന് തൃശൂരിലെ പര്യടനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ മുന്നേറ്റത്തില്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Read Also : “എംഎല്‍എമാർ പോയാലും, ബംഗാൾ ജനങ്ങൾ എന്റെയൊപ്പം”; മമതാ ബാനർജി
കേരളത്തിലെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്നതാണ് ഏവരും നിര്‍ദ്ദേശിച്ചത്. കേരളത്തിലെ സമഗ്രമായ വികസനത്തിന് ഉപോല്‍ബലകമായ ആശയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ വിനോദ സഞ്ചാര വികസനത്തിന് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ആദിവാസി മേഖലയില്‍ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം തുടങ്ങിവയില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മികച്ചതാക്കാന്‍ നിര്‍ദ്ദേശം ഉയര്‍ന്നു. അറബി ഭാഷ പഠന കേന്ദ്രം, ഇന്റഗ്രേഷന്‍ ഗവേഷണ കേന്ദ്രം, നൈപുണി വികസനം തുടങ്ങിയവ പ്രാപ്തമായ രീതിയില്‍ നടപ്പാക്കാനും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.
സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കി സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍, വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മതേതരമായ പുതിയ ആഘോഷങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉയര്‍ന്ന് വരണമെന്ന് അഭിപ്രായമുയര്‍ന്നു. കുതിരാന്‍ തുരങ്കം ജനുവരിയില്‍ ഒരു ടണല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതിന് ശേഷം മറ്റ് ടണലുകളും പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. പാലിയേക്കര ടോള്‍പ്ളാസയിലെ പ്രശ്നങ്ങളില്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കും. കൂറ്റനാട്- വാളയാര്‍ ഗെയില്‍ പദ്ധതിയും മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments