ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാർ കൊണ്ടുവരാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകര്‍ ഗ്രാമങ്ങളിലാണ് വസിക്കുന്നത്. ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് രാജ്യത്തെ കാര്‍ഷിക മേഖലയെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രയധികം നീളാതെ പരിഹരിക്കപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുടെ പരാമര്‍ശത്തിനും പവാര്‍ മറുപടി നല്‍കി. കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ താനും മന്‍മോഹനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിച്ച വഴിയിലൂടെയല്ല അതിന് ശ്രമിച്ചതെന്നും പവാര്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും കൃഷി മന്ത്രിമാരുമായും വിദഗ്ധരുമായി വിശദമായ ചര്‍ച്ചകള്‍ അന്ന് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാര്‍ ഒരേ നിലപാട് സ്വീകരിക്കുമ്പോള്‍ അവരെ വിശ്വാസത്തിലെടുക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ട്. അവരുടെ ആശങ്കകള്‍ പരിഹരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. ആരും പറയുന്നത് കേള്‍ക്കില്ലെന്നും നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു സര്‍ക്കാരിന് എങ്ങനെ പറയാനാകും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുകയും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു എന്നും പവാര്‍ പറഞ്ഞു.
Post Your Comments