ന്യൂഡൽഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. മറ്റുള്ള രാജ്യത്ത് നിന്നുള്ളവർ അദ്ദേഹത്തെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ള വ്യക്തി, അത് ഏത് സ്ഥാനത്തിരിക്കുന്ന ആളുമായിക്കോട്ടെ, നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയാൽ അത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ സ്ഥാനത്തെ ബഹുമാനിക്കണം. രാജ്യത്തിന് പുറത്തുനിന്നുമുള്ള പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ ഞങ്ങൾ അംഗീകരിക്കില്ല’- ശരത് പവാർ വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങളെ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.
ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള നിരവധി പേരാണ് പ്രധാനമന്ത്രിക്കും ലക്ഷദ്വീപിനും മറ്റ് ഇന്ത്യൻ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും അടക്കമുള്ള നിരവധി പേർ ‘ബോയ്കോട്ട് മാലിദ്വീപ്’ ഹാഷ് ടാഗുമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത് വഴി വലിയ ടൂറിസം നഷ്ടമാണ് മാലിദ്വീപിന് ഉണ്ടായിരിക്കുന്നത്.
Post Your Comments