
കോട്ടയം: അഭയക്കേസിൽ ദൈവ പരിവേഷത്തോടെ നില്‍ക്കുന്ന രാജുവിന് നന്മ നേരുകയാണ് ഇപ്പോള്‍ എല്ലാവരും.. തെളിവുകളില്ലാതെ തേഞ്ഞു മാഞ്ഞുപോകുമായിരുന്ന 28 വര്‍ഷം പഴക്കമുള്ള അഭയ കൊലക്കേസാണ് കള്ളനെന്ന് സമൂഹം മുദ്ര കുത്തിയ രാജുവിന്റെ മാത്രം മൊഴിയില്‍ തെളിഞ്ഞത്. അഭയയെ കൊന്നത് സഭാ വസ്ത്രമിട്ട രണ്ടു പേരാണെന്ന് നീതി പീഠത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്ത കോളനി വാസിയായ രാജുവിന് കൊലയാളികളെ പിന്തുണച്ചവര്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതാണ് . അവരുടെ പ്രലോഭനങ്ങളില്‍ വീഴാത്ത രാജുവിനെ തേടി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് അഭിനന്ദന പ്രവാഹമെത്തുമ്പോള്‍ ആ കുഞ്ഞിന് നീതി ലഭിച്ചല്ലോ. അതിന് നിമിത്തമാകാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അഭയയുടെ കൊലയാളികളെ തുറ്റുങ്കിലടക്കാന്‍ ദൈവത്തിന്റെ കൈയായ് പ്രവര്‍ത്തിച്ച രാജുവിപ്പോള്‍.
എന്നാൽ പഴയ അനുഭവങ്ങള്‍ പറയണമെങ്കില്‍ രണ്ടെണ്ണമടിക്കാന്‍ കാശുവേണമെന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് വരെ പറയുകയും ആരെന്ന് നോക്കാതെ ചീത്ത വിളിക്കുകയും ചെയ്യുന്ന പച്ച മനുഷ്യനാണ് രാജു. കഞ്ചാവും കള്ളുമടിച്ചു വെളിവില്ലാതെ രാത്രി കറങ്ങി നടക്കുന്നതിനിടയില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ അസമയത്ത് രണ്ടു വൈദികരെ അഭയ കിണറ്റില്‍ മരിച്ചു കിടന്ന ദിവസം പുലര്‍ച്ചെ കണ്ടുവെന്ന രാജുവിന്റെ മൊഴി തെളിവായി സ്വീകരിച്ചായിരുന്നു 28 വര്‍ഷത്തിന് ശേഷം അഭയയെ കൊന്നവരെ കോടതി കണ്ടെത്തിയത്.
Read Also: മകള്‍ വരച്ച താമര ചിഹ്നം വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി; പിന്നെ സംഭവിച്ചത്
കേസ് അട്ടിമറിക്കാന്‍ എന്തൊക്കെ സമ്മര്‍ദ്ദങ്ങളായിരുന്നു അഭയയയെ സംരക്ഷിക്കേണ്ടിയിരുന്ന സഭാ അധികൃതര്‍ നടത്തിയത് . ഈ ഇടപെടലായിരുന്നു കേസ് അന്വേഷണം ഇത്ര വൈകിപ്പിച്ചതും. കൊല പാതകം ആത്മഹത്യയാക്കാന്‍ സഭാ ബന്ധുവായ പോലീസ് മേധാവി ആദ്യാവസാനം കൂട്ടു നിന്നു. ലോക്കല്‍ പോലീസിലെയും ക്രൈം ബ്രാഞ്ചിലെയും സി.ബി.ഐയിലെയും മെഡിക്കല്‍ കോളേജിലെയും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. സുപ്രീം കോടതി ജഡ്ജിയും കേരളവും കേന്ദ്രവും ഭരിച്ച മന്ത്രിമാരും കൂട്ടു നിന്നു. പണവും അധികാര കേന്ദ്രങ്ങളുമായുള്ള സ്വാധീനവും ഉപയോഗിച്ചിട്ടും അതൊന്നും പാക്ക് മോഷ്ടാവിന്റെ മൊഴിക്കു മുന്നില്‍ മറികടക്കാന്‍ പ്രാപ്തമായില്ല.
അതേസമയം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയ രാജുവിനെ ജഡ്ജിയുടെ മുന്നിലെത്തിച്ചു മൊഴി രേഖപ്പെടുത്താന്‍ ശക്തമായ നിലപാട് സ്വീകരിച്ച അഭയ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കലും ആത്മഹത്യയെന്ന് എഴുതി കേസ് ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ട സി.ബി.ഐ എസ്.പിയുടെ മെമ്മോക്കു മുന്നില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ അഭയയെ കൊന്നതാണെന്ന് സ്ഥാപിച്ച് പത്തു വര്‍ഷ കാലാവധി നില്‍ക്കെ രാജിക്കത്ത് മേലുദ്യോഗസ്ഥന്റെ മുഖത്തേക്കെറിഞ്ഞ് സി.ബി.ഐയില്‍ നിന്ന് രാജിവെച്ച വര്‍ഗീസ് പി. തോമസ്, വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണമെന്ന സഭയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇരയ്ക്കു വേണ്ടി വാദിച്ച നട്ടെല്ല് പണയപ്പെടുത്താത്ത വിരലിലെണ്ണാവുന്ന മാദ്ധ്യമ പ്രവര്‍ത്തകരും പ്രശംസിക്കപ്പെടേണ്ടിയിരിക്കുന്നു. ഇവരൊന്നും ഇല്ലാതിരുന്നെങ്കില്‍ അഭയ കേസ് തെളിയാ കേസായി മാറിയേനേ.
സഭയ്‌ക്കൊപ്പം സകല വൃത്തികേടിനും കൂട്ടുനിന്ന് കേസ് അട്ടിമറിച്ചവര്‍ക്ക് ദൈവനീതിയെന്നോണം ജീവിതകാലത്ത് നരക ജീവിതം നയിക്കേണ്ട ശിക്ഷയും ലഭിച്ചു. സ്ട്രോക്ക് വന്നു ചിലര്‍ തളര്‍ന്നു .ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്യേണ്ടി വന്നു. പ്രതി സ്ഥാനത്തുള്ളവരും കാന്‍സറടക്കം മാറാ രോഗങ്ങളുടെ പിടിയിലായി. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ സ്വന്തം മകളെ സഭക്ക് സമര്‍പ്പിച്ച പാവപ്പെട്ട കുടുംബത്തോട് സഭക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ രാജുവിന്റെയും ജോമോന്റെയും വര്‍ഗീസ് പി. തോമസിന്റെയുമെല്ലാം രൂപത്തില്‍ വൈകിയാണെങ്കിലും അഭയയുടെ ആത്മാവിനോട് നീതി പുലര്‍ത്തി നരാധമന്മാരെ കാരാഗൃഹത്തിലടച്ചതു കാണുമ്പോള്‍ ചുറ്റുവട്ടവും ദൈവത്തിന് നന്ദിപറയുകയാണ്.
Post Your Comments