വെള്ളറട: ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ത്രേസ്യാപുരം പ്ലാങ്കാലവിള വീട്ടില്‍ പരേതനായ ആല്‍ബര്‍ട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകള്‍ ശാഖ കുമാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പി ആര്‍ ഒയാണ് അരുണ്‍. വിവാഹം കഴിഞ്ഞ വിവരം അരുണിന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.
മൂന്നുമാസമായി വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നും പൊലീസ്. പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യുതാഘാതമേറ്റാണു ശാഖയുടെ മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് അറിയിച്ചു.അരുണിന്റെ ഇടിയേറ്റു കട്ടിലില്‍ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടന്‍ തന്നെ അരുണ്‍ മുഖം അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിന്‍ സ്വിച്ചില്‍ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തേ ഒരുക്കിയിരുന്നു.
ഇലക്‌ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേല്‍പിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുണ്‍ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിച്ചു. ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയല്‍വീട്ടിലെത്തി അരുണ്‍ അറിയിക്കുകയായിരുന്നു.
read also: സത്യത്തിന്റെ വില, എ ടി എമ്മില്‍ കാര്‍ഡിട്ട അടയ്ക്കാ രാജു അക്കൗണ്ടിലെ ലക്ഷങ്ങൾ കണ്ട് ഞെട്ടി
രാവിലെ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കൊവിഡ് പരിശോധന ഫലം കിട്ടിയശേഷം ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്. വൈകിട്ട് നാലോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലിക്കുശേഷമാണ് മൃതദേഹം കുടുംബകല്ലറയില്‍ സംസ്‌കരിച്ചത്.
Post Your Comments