Latest NewsNewsInternational

മൈക്കല്‍ ജാക്‌സന്റെ ‘പ്രേതം’ അലയുന്ന ബംഗ്ലാവ് ; നെവര്‍ലാന്റ് അവസാനം വാങ്ങിയത് ഇദ്ദേഹം

2005-ല്‍ 100 മില്യന്‍ ഡോളറിനാണ് ബംഗ്ലാവ് വില്‍പനയ്ക്ക് വച്ചിരുന്നത്

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ‘പ്രേതം’ അലയുന്ന ബംഗ്ലാവ് എന്ന നിലയില്‍ പ്രചരിച്ചിരുന്ന കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് ബംഗ്ലാവിന്റെ വില്‍പ്പന അവസാനം നടന്നു. 2700 ഏക്കര്‍ വരുന്ന തോട്ടം സ്വന്തമാക്കിയത് അമേരിക്കന്‍ കോടീശ്വരനാണ്. 161 കോടി രൂപയ്ക്കാണ് മൈക്കല്‍ ജാക്‌സന്റെ സ്വപ്ന സാമ്രാജ്യം റോണ്‍ ബര്‍ക്കിള്‍ എന്ന വ്യക്തി സ്വന്തമാക്കിയത്.

2005-ല്‍ 100 മില്യന്‍ ഡോളറിനാണ് ബംഗ്ലാവ് വില്‍പനയ്ക്ക് വച്ചിരുന്നത്. വാങ്ങാന്‍ ആളില്ലാതായതോടെ പല തവണകളായി വില കുറയ്ക്കുകയായിരുന്നു. ഇതിനിടെ 2009-ല്‍ ജാക്‌സന്‍ മരിച്ചു. തുടര്‍ന്ന് ബംഗ്ലാവിനു കൂടുതല്‍ മാദ്ധ്യമ ശ്രദ്ധ ലഭിക്കുകയും വിപണി മൂല്യം ഉയരുകയും ചെയ്തു. എന്നാല്‍, മൈക്കിള്‍ ജാക്‌സന്റെ ‘പ്രേതം’ ഇവിടെ ഗതി കിട്ടാതെ അലയുകയാണെന്ന പ്രചാരണത്തെ തുടര്‍ന്ന് വില ഇടിയുകയായിരുന്നു. നാല് വര്‍ഷം മുമ്പ് 730 കോടി രൂപയ്ക്ക് വില്‍ക്കാനിരുന്ന എസ്റ്റേറ്റാണ് ഇപ്പോള്‍ 161 കോടി രൂപയ്ക്ക് വിറ്റത്.

മൈക്കല്‍ ജാക്‌സന്റെ സ്വപ്ന സാമ്രാജ്യത്തില്‍ 12,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും 3700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍ കുളവും ഉണ്ട്. ജാക്‌സന്റെ വളര്‍ത്തു മൃഗങ്ങളും കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഉള്‍പ്പെടെയുള്ള അത്യാഢംബര സൗകര്യങ്ങള്‍ നിറഞ്ഞതാണ് നെവര്‍ലാന്റ്. മാത്രമല്ല ജാക്‌സന്റെ കരിയറിലെ സുപ്രധാനമായ 15 വര്‍ഷങ്ങള്‍ അദ്ദേഹം ചിലവഴിച്ചതും ഇവിടെയാണ്.

1982-ലാണ് ബംഗ്ലാവ് നിര്‍മ്മിച്ചത്. കൊളോണിയല്‍ ശൈലിയുടെ പ്രൗഢി നിറയുന്ന പുറംകാഴ്ചയും അകത്തളങ്ങളും വിശാലമായി പരന്നു കിടക്കുന്ന ഉദ്യാനങ്ങളുമാണ് ബംഗ്ലാവിന്റെ സവിശേഷത. നാലേക്കറില്‍ ഒരു കൃത്രിമ തടാകവും ഒരുക്കിയിട്ടുണ്ട്. ബംഗ്ലാവില്‍ ആറ് ബെഡ്‌റൂമുകളാണുള്ളത്. ഇവിടെ കോടീശ്വരന്‍മാര്‍ക്കുള്ള ക്ലബ് തുടങ്ങാനാണ് പുതിയ ഉടമയുടെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button