Latest NewsMusicNewsEntertainment

സ്വന്തം പാദവിന്യാസങ്ങള്‍ കൊണ്ട് ലോകത്തെ നൃത്തം ചെയ്യിച്ച സംഗീതജ്ഞന്‍: മൈക്കള്‍ ജാക്സനെ ഓർമിക്കുമ്പോൾ

മൈക്കല്‍ ജാക്സണ്‍ 1970 -കളുടെ അവസാനത്തോടെ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള സംഗീതജ്ഞനാണ് മൈക്കള്‍ ജാക്സണ്‍. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ മൈക്കള്‍ ജാക്സണ്‍ ഗിന്നസ് പുസ്തകത്തില്‍ ഇടം പിടിച്ചത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.

‘പോപ്പ് രാജാവ്’ എന്ന് വിളിപ്പേരുള്ള മൈക്കിൾ ജാക്സന്റെ ഓർമ്മദിനമാണ് ജൂൺ 25. സ്റ്റേജ് ഷോകളിലെയും സംഗീത വീഡിയോകളിലൂടെയും ചെയ്യുവാൻ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ലോകത്തിനു മുന്നിൽ അനായാസമായി അവതരിപ്പിച്ച മൈക്കിൾ ജാക്സണ്‍ മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ൽ ഫോബ്‌ മാസിക തയാറാക്കിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2010 മുതൽ 2018 വരെയുള്ള കണക്കെടുത്താൽ ഒരൊറ്റ തവണ മാത്രമാണ് മൈക്കിൾ ജാക്സൺ ഈ പട്ടികയിൽ രണ്ടാമതായത്.

read also: അഗ്‌നിപഥ് പ്രതിഷേധത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി യോഗി ആദിത്യനാഥ്

1958 ഓഗസ്റ്റ് 29 നായിരുന്നു ജാക്സണ്‍ കുടുംബത്തിലെ എട്ടാമനായി മൈക്കള്‍ ജനിച്ചത്, അച്ഛന്‍യും സഹോദരങ്ങളുടെയും നേതൃത്വത്തിൽ 1960 കളുടെ പകുതിയിൽ ‘ദ ജാക്സൺ 5’ എന്ന ബാന്‍റുമായി സംഗീത ലോകത്തേയ്ക്ക് എത്തിയ മൈക്കല്‍ ജാക്സണ്‍ 1970 -കളുടെ അവസാനത്തോടെ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി.

മൈക്കിള്‍ ജാക്സണ്‍ന്‍റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ, ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിൽ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്. പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ആവസാനത്തെയും വ്യക്തിയാണ് മൈക്കള്‍ ജാക്സൺ.

ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ, 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്‍റെ കലാകാരൻ (Artist of the Century), ദശാബ്ദത്തിന്‍റെ കലാകാരൻ (Artist of the 1980s)പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും സ്വന്തമാക്കിയ മൈക്കള്‍ ജാക്സന്‍റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്. 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ച ജാക്സൺ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടി.

രണ്ടു വിവാഹ ബന്ധങ്ങളും പരാജയമായി ജാക്സൺ നിരവധി ലൈംഗീകാരോപണങ്ങൾ നേരിട്ടിരുന്നു. സ്വന്തം കുട്ടികളോടൊപ്പം പൊതുസ്ഥലത്ത് ഇറങ്ങാന്‍ പറ്റാതെ മുറിക്കുള്ളില്‍ ജനലിന് പുറകില്‍ നിന്ന് കുട്ടികളുടെ കളികാണേണ്ടിവന്ന അച്ഛൻ, കുട്ടികളുമായുള്ള ബന്ധത്തിന്റെ പേരിൽ കോടതി കയറേണ്ടി വന്ന ഒരച്ഛൻ കൂടിയായിരുന്നു ജാക്സൺ. സംഗീതവും തന്റെ കാൽ ചലനങ്ങളും കൊണ്ട് ലോകത്തെ ആനന്ദിപ്പിച്ച ഈ കലാകാരൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. 1993 ലെ വേനൽക്കാലത്ത്, ജാക്സൺ ജോർദാൻ ചാൻഡലർ എന്നു പേരുള്ള ഒരു 13-കാരനായ ബാലനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് പിതാവായ ഡെന്റിസ്റ്റ് ഇവാൻ ചാൻഡലർ ആരോപിച്ചു രംഗത്ത് എത്തിയതും ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു ശബ്ദ രേഖയുമാണ് ആദ്യത്തെ ആരോപണം.

ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ തുടങ്ങിയ ആരോപണങ്ങൾ നേരിട്ട ജാക്സൺ 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞു. എന്നാൽ, ലോസ് ഏഞ്ചൽസ് കോടതി ജാക്‌സണ്‍ന്‍റെ മരണം നരഹത്യയാണെന്ന് വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യ കേസെടുക്കുകയും അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. കോടിക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button