കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ. ഇതിന്റെ ഭാഗമായി മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിയ്ക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രിം കോടതിയെ സമീപിച്ചു. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാര്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിയ്ക്കാന്‍ സുപ്രിംകോടതി മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു.
Read Also: മമതയുടെ ‘പ്രത്യയശാസ്ത്രം’ ബംഗാളിനെ നശിപ്പിച്ചു; തുറന്നടിച്ച് പ്രധാനമന്ത്രി
എന്നാൽ മാസം ഇത്രയും കഴിഞ്ഞിട്ടും സുപ്രിംകോടതി നിര്‍ദേശം രാജീവ് കുമാര്‍ പാലിച്ചിട്ടില്ലയെന്നതാണ് സിബിഐയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രാജീവ് കുമാറിന്റെ നിസഹകരണം കേസന്വേഷണം വൈകിക്കുകയാണ്. ഇത് കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ നിര്‍ബന്ധിതമായും വ്യവസ്ഥകള്‍ ഇല്ലാതെ ചോദ്യം ചെയ്യാന്‍ രാജീവ് കുമാറിനോട് ഹാജരാകാന്‍ നിര്‍ദേശിയ്ക്കണമെന്നുമാണ് സിബിഐ യുടെ ആവശ്യം. സിബിഐയുടെ ഹര്‍ജി അവധിയ്ക്ക് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ സുപ്രിംകോടതി പരിശോധിയ്ക്കും.
സിബിഐ ആവശ്യം സുപ്രിംകോടതി അനുവദിച്ചാല്‍ രാജീവ് കുമറിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യത്തിനാകും അത് വഴി ഒരുക്കുക. അതേസമയം, കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മമതയെ ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശനം നേരത്തെ തൃണമുല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ സിബിഐ നീക്കത്തെയും രാഷ്ട്രീയമായാണ് തൃണമുല്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
Post Your Comments