ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,64,185 പേർ കോവിഡ് ബാധിച്ചു മരിച്ചു. കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.02 കോടിയോടടുത്തു. മരണം 1.47 ലക്ഷവും പിന്നിട്ടു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണവും പ്രതിദിന മരണവും കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം 251 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ആറരമാസത്തിന് ശേഷമാണ് പ്രതിദിന മരണം 300ൽ കുറയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 95.78 ശതമാനമായി ഉയർന്നു.
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,39,757 പേർ കോവിഡ് ബാധിച്ച മരിച്ചു. രോഗമുക്കി നേടിയവരുടെ എണ്ണം 1.14 കോടി കടന്നു.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,90,815 പേരാണ് മരണമടഞ്ഞത്. അറുപത്തിനാല് ലക്ഷം പേർ സുഖംപ്രാപിച്ചു. അതേസമയം ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് ഫ്രാൻസ്, സ്പെയിൻ ഉൾപ്പടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിക്കുകയുണ്ടായി.
Post Your Comments