ന്യൂഡല്‍ഹി : കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വൈറസിന്റെ ജനിതക മാറ്റത്തില്‍ ആശങ്ക വേണ്ടെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതിവേഗം പടരുന്ന തരത്തിലുള്ളതാണ് ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസുകള്‍. അതുകൊണ്ടാണ് അധികൃതര്‍ ജാഗ്രത കര്‍ശനമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മാസവും രണ്ടു തവണയെങ്കിലും വൈറസ് ജനിതക മാറ്റത്തിന് വിധേയമാകുന്നുണ്ട്. വൈറസിന്റെ പുതിയ ജനിതക മാറ്റം മൂലം രോഗ ലക്ഷണങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. ഇത് ചികില്‍സാ രീതികളിലും മാറ്റം വരുത്തേണ്ട തലത്തിലുള്ളതല്ല. നിലവിലെ വിവരം അനുസരിച്ച് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിന്, ബ്രിട്ടനിലെ വകഭേദം വന്ന വൈറസിനും ഫലപ്രദമാണെന്നും ഗുലേറിയ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. രോഗബാധിതരുടെ എണ്ണവും മരണ നിരക്കും കുറയുകയാണ്. എന്നിരുന്നാലും രാജ്യത്തിന് അടുത്ത ആറ്-എട്ട് ആഴ്ച്ചക്കാലം നിര്‍ണായകമാണെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
Post Your Comments