KeralaLatest News

പെരുമ്പാവൂരിൽ വൻ ലഹരി വേട്ട : പിടികൂടിയത് മൂന്ന് കോടി രൂപയുടെ പുകയില ഉത്പന്നങ്ങൾ

മുടിക്കൽ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട നടത്തി റൂറൽ പോലീസ്. അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ കമറുദീൻ (54) നെ അറസ്റ്റ് ചെയ്തു. റൂറൽ ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

മുടിക്കൽ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. കുറച്ചുനാളുകളായി ഗോഡൗൺ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു .വിദേശരാജ്യ ങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ് , പാൻപരാഗ്, മറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടക്കമുള്ള വസ്തുക്കളാണ് ചാക്കിലുണ്ടായിരുന്നത്.

ബംഗലൂരുവിൽ നിന്നും ലോറിയിൽ പുകയില ഉൽപ്പന്നങ്ങൾ ഗോഡൗണിൽ എത്തിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, ഇതര സംസ്ഥാനങ്ങളിലേക്കും ഏജൻ്റുമാർ വഴി വില്പന നടത്തി വരികയായിരുന്നു. കമറുദീനാണ് ഗോഡൗൺ നടത്തിയിരുന്നത്. ഇയാൾ ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. സഹായികളായി ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു.

ഈ വീട്ടിൽ നിന്ന് പണം എണ്ണുന്ന മെഷീനും ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയോളം പോലീസ് കണ്ടെടുത്തു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ വേട്ടയാണിത്. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ജില്ലയിൽ പരിശോധന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിൽ കഴിഞ്ഞയാഴ്ച രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡാൻസാഫ് ടീം, ഏ എസ് പി ശക്തി സിംഗ് ആര്യ, നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി. പി ഷംസ്, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ.മാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, എൽദോസ് കുര്യാക്കോസ് എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, രതി , സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക്, സിബിൻ സണ്ണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button