വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ നിരയെ തന്നെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പിയെന്ന് റിപ്പോർട്ടുകൾ. ജനഹൃദയങ്ങളിൽ സ്ഥാനമുള്ളവർക്ക് അവസരം നൽകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചവരുമായി കേന്ദ്ര നേതൃത്വം കൂടിയാലോചന തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ മറ്റ് രണ്ട് മുന്നണികൾക്ക് ഒരു വെല്ലുവിളിയായി ഉയർന്നു കഴിഞ്ഞു. യുഡിഎഫിന്‍റെ അടിവേര് ഇളക്കാൻ ബിജെപിക്ക് സാധിച്ചു. ആഞ്ഞുപിടിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി ലാഭമുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.
സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി ലിസ്റ്റാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കുക. അന്തിമ തീരുമാനം ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെത് തന്നെയായിരിക്കും. ആർ.എസ്.എസിന്റെ കൂടെ അഭിപ്രായം ഇക്കാര്യത്തിൽ ആരായും. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാനമന്തി നരേന്ദ്ര മോദി അമിത് ഷാ രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ നേതാക്കൾ പ്രചാരണത്തിനെത്തും. ജനുവരി ആദ്യ ആഴ്ച തന്നെ പ്രചരണം തുടങ്ങാനാകുമെന്നാണ് കരുതുന്നത്.
സ്ഥാനാർത്ഥി ചർച്ചയിൽ ഉയർന്നു കേൾക്കുന്ന പേരാണ് കായികതാരം അഞ്ജു ബോബി ജോർജ്. കോട്ടയം ജില്ലയിൽ അഞ്ജുവിനെ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. അലി അക്ബർ, നടൻ കൃഷ്ണകുമാർ തുടങ്ങിയ താരങ്ങളും ബി.ജെ.പി സ്ഥാനാർത്ഥി ലിസ്റ്റിലുണ്ട്. കേന്ദ്രനേതൃത്വവുമായി ചേർന്നുള്ള കൂടിയാലോചനകൾക്കൊടുവിൽ ആർക്കൊക്കെയാണ് നറുക്ക് വീഴുകയെന്ന് കാത്തിരുന്ന് കാണാം.
Post Your Comments