തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ചു ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ പോയ പികെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന. സംസ്ഥാനത്ത് സജീവമാകുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി തന്റെ എംപി സ്ഥാനം രാജിവെക്കാനൊരുങ്ങുന്നുവെന്നാണ് സൂചനകൾ. ഇക്കാര്യം ലീഗിന്റെ നേതൃയോഗം ചർച്ച ചെയ്യുകയാണ്.
നേതൃയോഗത്തിൽ ധാരണയായാൽ പ്രവർത്തക സമതിയിൽ തീരുമാനം പ്രഖ്യാപിക്കും.ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നായിരുന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് ലോക്സഭയിലെത്തിയത്. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ചായിരുന്നു പാർലമെന്റിലെത്തിയത്. 2019 ൽ യുപിഎ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രിയാകാമെന്ന മോഹവുമായാണ് കുഞ്ഞാലിക്കുട്ടി തന്റെ പ്രവർത്തന മേഖല ഡൽഹിയിലേക്ക് കേന്ദ്രീകരിച്ചത്.
എന്നാൽ വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതോടെ കുഞ്ഞാലിക്കുട്ടിയുടെ മോഹം പൊലിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ ഈ കാരണം കൂടിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
read also: വാഗമണ്ണിലെ ലഹരി പാര്‍ട്ടി; അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ നടിയും
അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ. അതേസമയം, കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച് യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ലീഗെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി പദം വരെ ലീഗ് ആവശ്യപ്പെടുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
Post Your Comments