കട്ടപ്പന : പൊതുജനങ്ങളെ നിരശരാക്കുന്ന നടപടിയാണ് വീണ്ടും പൊലീസ് കാന്റീനുകള്‍ സ്വീകരിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കാമെന്ന നിലയിലാണ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് കാന്റീനുകളെ ആശ്രയിച്ചിരുന്നത്. പുതിയ തീരുമാനം ഇത്തരക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ജില്ലയില്‍ തൊടുപുഴ, കട്ടപ്പന, മൂന്നാര്‍, അടിമാലി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ജനമൈത്രി പൊലീസ് കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്.
പൊതുജനങ്ങളെ കാന്റീനില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി നവംബര്‍ 26നാണ് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി ഉത്തരവ് പുറത്തിറക്കിയത്. പിന്നീട് ജനങ്ങള്‍ പ്രതിഷേധിച്ചതോടെ 29ന് അതാത് കാന്റീനുകളുടെ ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കു വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ ഡി.ജി.പി നിര്‍ദേശിച്ചത്. കൂടാതെ എറണാകുളം റേഞ്ച് ഡി.ഐ.ജി കാളീരാജ് മഹേഷ്‌കുമാറിനോട് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തുടര്‍ നടപടി വൈകുകയായിരുന്നു.
കാന്റീനുകളുടെ സേവനം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാക്കി മാറ്റിയ ഉത്തരവിനെതിരെ പൊലീസ് സേനയ്ക്കുള്ളിലും വലിയ പ്രതിഷേധമാണ്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് അസോസിയേഷന്‍, ജില്ലാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മന്ത്രി എം.എം. മണിക്ക് നിവേദനം നല്‍കിയിരുന്നു. ഇപ്പോള്‍ അതാതു സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഭക്ഷണം തയാറാക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഭക്ഷണം കഴിക്കാനെത്തിയ നൂറുകണക്കിനാളുകള്‍ നിരാശരായി മടങ്ങുകയായിരുന്നു.
Post Your Comments