കാസര്‍കോട് : ജയിലില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് പരോളില്‍ പോയ തടവുകാരുടെ കത്ത്. പരോള്‍ കാലാവധി തീരുന്നതിനുമുമ്പ് ജയിലില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജയില്‍ അധികൃതര്‍ക്ക് തടവുകാര്‍ കത്ത് അയച്ചിരിക്കുന്നത്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് അനുവദിച്ച സ്പെഷ്യല്‍ പരോള്‍ ലഭിച്ച ചീമേനി ജയിലിലെ തടവുകാരാണ് സ്വാതന്ത്ര്യം മതിയായെന്നും ജയിലില്‍ തിരികെയെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഇതില്‍ രണ്ടുപേര്‍ ഇതിനകം ജയിലില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് കത്തയച്ചതെന്നാണ് ഇവര്‍ പറയുന്നത്. തുറന്ന ജയിലില്‍ സ്ഥിരം ജോലിയും നല്ല കൂലിയും ലഭിക്കും. ഒപ്പം മറ്റുജയിലുകളില്‍ നിന്ന് വ്യത്യസ്തമായി നല്ല അന്തരീക്ഷവുമാണ് തുറന്ന ജയിലിലുളളത്. ഇതാണ് മടങ്ങിവരാന്‍ തടവുകാര്‍ക്ക് പ്രചോദനമാകുന്നത്.
Read Also :ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പടര്‍ത്തി ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം
ചീമേനിയിലെ തുറന്ന ജയിലില്‍ 230 തടവുകാരിലേറെയാണ് ഉളളത്. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ശിക്ഷലഭിച്ചവരാണ് ഇതില്‍ കൂടുതലും. ഇതില്‍ 10പേരൊഴികെയുളളവരെ സ്പെഷ്യല്‍ പരോളില്‍ വിട്ടിരുന്നു. ഇപ്രകാരം പരോള്‍ ലഭിച്ചതില്‍ 23പേര് ജയിലില്‍ തിരിച്ചെത്തി. രണ്ടാമത്തെ സംഘത്തില്‍പ്പെട്ട 157പേരാണ് ഇപ്പോള്‍ പുറത്തുനില്‍ക്കുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണിത്. വൈറസ് ബാധയുമായി ബന്ധപ്പെട്ട പരോള്‍ നീട്ടണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പരോളില്‍ പോയവരെ നിര്‍ബന്ധിച്ച് തിരികെ വിളിക്കരുതെന്ന ഉത്തരവും ജയിലില്‍ എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments