ന്യൂഡൽഹി: മമതയ്ക്ക് തിരിച്ചടി. മുതിര്‍ന്ന ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള മമത സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു. കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുമുണ്ട്. മുതിര്‍ന്ന നേതാക്കളായ ജനറല്‍ സെക്രട്ടറി വിജയ്‌വര്‍ഗീയ, അര്‍ജുന്‍ സിങ്, മുകുള്‍ റോയ്, സൗരഭ് സിങ്, പവന്‍ കുമാര്‍ സിങ്, കബീര്‍ ശങ്കര്‍ ബോസ് എന്നിവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബംഗാള്‍ പോലീസ് കേസ് എടുത്തിരുന്നു.
എന്നാൽ മമത രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നും കള്ളക്കേസുകളാണ് എടുത്തിട്ടുള്ളതെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടികളെന്നും ചൂണ്ടിക്കാട്ടി അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതും കേസ് എടുത്ത കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചതും.
അതേസമയം ഹര്‍ജിയില്‍ ബിജെപി നേതാക്കള്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങളില്‍ മറുപടി നല്‍കാനും ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് മമത സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ശേഷം അര്‍ജുന്‍ സിങ്ങിനെതിരെ 64 കേസുകളാണ് എടുത്തിട്ടുള്ളതെന്നും അവയില്‍ പലതും നിസ്സാരമാണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയാനാണ് കേസുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കക്ഷി ബംഗാളിലല്ല താമസിക്കുന്നതെന്നും അദ്ദേഹം ബംഗാളില്‍ എത്തുന്നത് തടയാനാണ് കേസുകളെന്നും വിജയ്‌വര്‍ഗീയയുെട അഭിഭാഷകന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് കബീര്‍ ശങ്കര്‍ബോസിനെ ഡിസംബര്‍ ആറിന് തൃണമൂലുകാര്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണം സംബന്ധിച്ച് അവിടെ സുരക്ഷയേല്‍പ്പിച്ചിരുന്ന, സിഐഎസ്‌എഫിന്റെ റിപ്പോര്‍ട്ടും കോടതി തേടി. കേസ് ജനുവരിയിലേക്ക് മാറ്റി.
Read Also: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല; ആലഞ്ചേരിക്ക് തണലായി കേരള പോലീസ്
രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയെ ഡിസംബര്‍ രണ്ടാം വാരം തൃണമൂലുകാര്‍ ആക്രമിക്കുകയും വാഹന വ്യൂഹത്തിലെ കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാന നില ആകെത്തകര്‍ന്നതായി കാണിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അവിടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ മടക്കി വിളിച്ച് കേന്ദ്ര സര്‍വ്വീസിലെ ഡെപ്യൂട്ടേഷനില്‍ വിട്ടിരുന്നു. എന്നാല്‍ ബംഗാളിലെ പോലീസുദ്യോഗസ്ഥരെ മാറ്റുന്നതിനെതിരെ മമത രംഗത്തുവരികയും ഇവരോട് കേന്ദ്ര നിര്‍ദ്ദേശം പാലിക്കേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു. ഇവര്‍ക്ക് കേന്ദ്രം മടങ്ങിയെത്താന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
Post Your Comments