വാഷിങ്ടണ്‍ : നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് തിങ്കളാഴ്ച സ്വീകരിക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഭര്‍ത്താവും ഒരാഴ്ചക്ക് ശേഷമാകും കോവിഡ് വാക്‌സിന്റെ അദ്യ ഡോസ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജോ ബൈഡന്റെ പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെന്‍ സാക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ് വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സും ഭാര്യയും കൂടാതെ, മുതിര്‍ന്ന ഹൗസ് സ്പീക്കര്‍ ആയ നാന്‍സി പെലോസിയും വെള്ളിയാഴ്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയാണ് ജോ ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ജോ ബൈഡന്‍ പരസ്യമായി ആയിരിക്കും വാക്സിന്‍ സ്വീകരിക്കുകയെന്ന് സാക്കി മാധ്യമങ്ങളോട് പറഞ്ഞു. മൈക്ക് പെന്‍സിനും വെള്ളിയാഴ്ച പരസ്യമായാണ് ഡോസ് സ്വീകരിച്ചത്.
78കാരനായ ജോ ബൈഡന്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കുന്ന ഡെലവയര്‍ മെഡിക്കല്‍ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോ ബൈഡന്‍ നന്ദി അറിയിക്കുകയും ചെയ്യും. ” കോവിഡ് വാക്‌സിന്‍ ലഭിക്കുന്നവരുടെ മുന്‍ നിരയില്‍ ഇടം പിടിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്നാല്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ വാക്‌സിന്‍ സ്വീകരിക്കും” -ജോ ബൈഡന്‍ പറഞ്ഞു. അതേസമയം, കൊറോണ വൈറസ് കേസുകള്‍ യുഎസില്‍ വര്‍ദ്ധിക്കുകയാണ്. ഇതുവരെ 3 ലക്ഷത്തിലധികം പേരാണ് മരിച്ചത്.
Post Your Comments