കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ രണ്ടു ദിവസമായി 26 മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ രവീന്ദ്രന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍.
കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച എത്തിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ തന്റെ സാലറി അക്കൗണ്ടിലൂടെ 26 ലക്ഷം രൂപയുടെ ഇടപാടാണു നടന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച 56 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച് ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ബാക്കി സ്വകാര്യബാങ്ക് വായ്പയാണ്. വടകരയില്‍ രണ്ടു സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചിട്ടുണ്ട്. എട്ടു ലക്ഷം രൂപയാണ് ഒരിടത്തു നിക്ഷേപിച്ചതെന്നും രവീന്ദ്രന്‍ പറഞ്ഞു.
ഇത് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കി. എന്നാല്‍ കൂടുതല്‍ നിക്ഷേപം രവീന്ദ്രന്‍ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണക്കുകൂട്ടല്‍. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ വിശദാംശങ്ങളാണ് രവീന്ദ്രനോട് ചോദിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നല്‍കണം. സ്വപ്ന, ശിവശങ്കര്‍ എന്നിവരുമായി ഔദ്യോഗികമല്ലാതെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മുന്‍ നിലപാട് ഇന്നലെയും രവീന്ദ്രന്‍ ആവര്‍ത്തിച്ചു.
സര്‍ക്കാറിന്റെ കെ- ഫോണ്‍, ലൈഫ്മിഷന്‍ അടക്കമുള്ള കരാറുകളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും രവീന്ദ്രന്‍ ഇഡിയ്ക്ക് മൊഴി നല്‍കി.മുന്‍പ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞ നാലാം വട്ടം വിളിച്ചപ്പോഴാണ് ഇഡിക്ക് മുന്നില്‍ ഹാജരായത്. നവംബര്‍ 6ന് ആദ്യം നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി.സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം, ഇവര്‍ ശിവശങ്കറെ കാണാന്‍ സെക്രട്ടേറിയറ്റില്‍ വന്നിരുന്നോ, പ്രതികള്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചു.
read also: മമത വിയർക്കുന്നു, ഒരുദിവസത്തെ ഇടവേളയില്‍ പാര്‍ട്ടി വിട്ട പ്രമുഖരുടെ എണ്ണം നാലായി : അമിത്ഷാ ബംഗാളിൽ
യു.എ.ഇ. കോണ്‍സുലേറ്റുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും ആരാഞ്ഞു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രന്‍ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കര്‍ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം.രവീന്ദ്രന്റെ പേര് പരാമര്‍ശിച്ചത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്പിങ്ങിനായാണ് രവീന്ദ്രന്‍ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. എന്നാൽ ഇതെല്ലം രവീന്ദ്രൻ നിഷേധിച്ചിരിക്കുകയാണ്. ഇതാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
Post Your Comments