നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. രണ്ട് ദിവസത്തിനിടെ തൃണമൂലിൽ നിന്നും മൂന്ന് നേതാക്കളാണ് രാജിവെച്ചത്. പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി മാറുകയാണ്.
കൊഴിഞ്ഞുപോക്ക് തടയാനുള്ള തീവ്ര ശ്രമം തൃണമൂല്‍ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഇന്ന് അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിൽ കോണ്‍ഗ്രസ്-ഇടത് സഖ്യം പ്രചരണത്തിനായി ബംഗാളിലെത്തുമെന്ന് റിപ്പോർട്ടുകൾ. സഖ്യത്തിനായി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും ബംഗാളിലെത്തുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ അറിയിച്ചു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂലിനും ബിജെപിയ്ക്കും ഇടത് സഖ്യം വെല്ലുവിളിയാകുമെന്ന് ജിതിന്‍ പ്രസാദ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മിഷന്‍ ബംഗാള്‍ എന്ന തന്ത്രവുമായാണ് ബിജെപി എത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കായി മുതിര്‍ന്ന നേതൃത്വത്തെ തന്നെ പശ്ചിമബംഗാളില്‍ ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവർ ബംഗാൾ സന്ദർശിക്കും.
Post Your Comments