Latest NewsKeralaNews

നിരീക്ഷണം പേരിന് മാത്രം; ബംഗാളികളെന്ന വ്യാജേനെ ബംഗ്ലാദേശികള്‍; അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായിട്ടും ഉണരാതെ പോലീസ്

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസന്‍ എന്നിവരാണ് ഇക്കഴിഞ്ഞ സെപ്തംബറില്‍ പെരുമ്പാവൂരില്‍ നിന്നും ആലുവയിലെ പാതാളത്തു നിന്നും പിടിയിലായത്.

തിരുവനന്തപുരം: പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണം പേരിന് മാത്രം. ലോക്ക് ഡൗണിന് മുമ്പും ശേഷവും ഓരോ പ്രദേശത്തും വന്നുപോകുകയും തമ്പടിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പോലീസിന്റെ പക്കലില്ലെന്നതാണ് വാസ്തവം. ലോക്ക് ഡൗണിന് പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്ക് കൂടി ആയതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തടസ്സമാകുന്നതെന്ന് പോലീസ് വെളിപ്പെടുത്തുമ്പോള്‍ കാലങ്ങളായി ഓരോരോ കാരണങ്ങളുടെ പേരില്‍ ചുമതലകളില്‍ വരുത്തുന്ന വീഴ്ചകളാണ് ഭീകരവാദികളും ക്രിമിനലുകളുമുള്‍പ്പെടെ കേരളത്തെ സുരക്ഷിത താവളമാക്കുന്നതിന് കാരണം.

സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനില്‍ പോലും തങ്ങളുടെ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ കൃത്യമായി ഇല്ല. തൊഴിലാളിക്യാമ്പുകളുടെയും ചില തൊഴിലുടമകളുടെയും വിവരങ്ങള്‍ മാത്രമാണ് പോലീസിനുള്ളത്. തൊഴിലുടമയെയും ഒപ്പമുള്ളവരെയും അരും കൊലചെയ്യുകയും കവര്‍ച്ചചെയ്യുകയും ചെയ്തതുള്‍പ്പെടെ തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച്‌ ഇവരുള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. പശ്ചിമബംഗാള്‍, ബീഹാര്‍, യു.പി, രാജസ്ഥാന്‍, അസാം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തലേക്ക് അതിഥിതൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചതോടെ അവിടങ്ങളില്‍ നിന്നുളള കുറ്റവാളികളും കേരളത്തെ സുരക്ഷിത താവളമാക്കി.

തൊഴിലുടമകള്‍ ഇവരുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ല. തൊഴിലിടങ്ങളിലെത്തി നിയമാനുസൃതമല്ലാതെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടോയെന്ന് പരശോധിക്കാന്‍ പൊലീസും മെനക്കെടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അപ്നാ ഘര്‍ ഭവന പദ്ധതി ഉള്‍പ്പെടെ വിവിധ സ്‌കീമുകള്‍ ലേബര്‍ വകുപ്പ് ആവിഷ്‌കരിച്ചെങ്കിലും വളരെ കുറച്ച്‌ തൊഴിലാളികള്‍ മാത്രമാണ് പദ്ധതികളില്‍ ഭാഗഭാക്കായത്. ലോക്ക് ഡൗണിന് മുമ്ബ് പത്ത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് ലേബര്‍ വകുപ്പിന്റെ കണക്ക്.

ലോക്ക് ഡൗണിന് മുമ്പ് ഇവരില്‍ പകുതിയിലധികം പേര്‍ നാട്ടിലേക്ക് മടങ്ങിയതായും അണ്‍ലോക്ക് വണ്ണില്‍ കഷ്ടിച്ച്‌ ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ തിരികെ വന്നതായും ലേബര്‍ വകുപ്പ് അവകാശപ്പെടുന്നു. തൊഴില്‍ മേഖലയില്‍ പൊതുവില്‍ മാന്ദ്യം അനുഭവപ്പെട്ടിരിക്കെ നിര്‍മ്മാണ മേഖലയലേതടക്കം കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ തൊഴിലാളികള്‍ ജോലി അന്വേഷിച്ച്‌ ഒരു ജില്ലയില്‍ നിന്ന് മറ്ര് ജില്ലകളലേക്കും മറ്റും യഥേഷ്ടം മാറി പോകാറുണ്ട്.

Read Also: യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ കണ്ടെത്തി; ഞെട്ടിത്തരിച്ച് തലശേരി

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസന്‍ എന്നിവരാണ് ഇക്കഴിഞ്ഞ സെപ്തംബറില്‍ പെരുമ്പാവൂരില്‍ നിന്നും ആലുവയിലെ പാതാളത്തു നിന്നും പിടിയിലായത്. എന്‍.ഐ.എ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചുവന്ന ഇവരെ സംസ്ഥാന ഇന്റലിജന്‍സിന്റെയും എറണാകുളം റൂറല്‍ പോലീസിന്റെയും സഹായത്തോടെയാണ് പിടികൂടിയത്.ഡിജിറ്റല്‍ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും ഇവരില്‍ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.

എന്നാൽ കേരളത്തില്‍ ഏറെ നാളായി പലവിധ ജോലികള്‍ ചെയ്ത് അന്യസംസ്ഥാന തൊഴിലാളികളെന്ന പേരില്‍ സുരക്ഷിതരായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പെരുമ്പാവൂരില്‍ കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂര പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട കേസില്‍ അന്യ സംസ്ഥാന തൊഴിലാളി അമീറുള്‍ ഇസ്ളാം അറസ്റ്റിലായത് മുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകള്‍ നാടിന് ഭീഷണിയായിരുന്നിട്ടും ഇവരെ കണ്ടെത്താനോ പിടികൂടാനോ പോലീസിന്റെ ഭാഗത്തുനിന്ന് കുറ്റമറ്റ മാര്‍ഗങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button