KeralaLatest News

ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന് യു ഡി എഫ് നല്‍കിയത് വലിയ വില, യുഡിഎഫിനെ കൊണ്ട് അവർ നേട്ടമുണ്ടാക്കി

കൂട്ടുകെട്ടില്‍ ലീഗിനും കോണ്‍ഗ്രസിനും പരുക്കേറ്റപ്പോള്‍ യു ഡി എഫ് വോട്ടുകള്‍ ഉപയോഗിച്ച്‌ സീറ്റ് നേടിയെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞു.

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന് യു ഡി എഫ് നല്‍കിയത് വലിയ വില. സഖ്യത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട മുക്കം നഗരസഭയില്‍ പോലും ഭരണം പിടിക്കാന്‍ യു ഡി എഫിനായില്ല. സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങള്‍ വോട്ടാക്കാന്‍ ശ്രമിച്ച യു ഡി എഫിന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വിലങ്ങുതടിയായി.കൂട്ടുകെട്ടില്‍ ലീഗിനും കോണ്‍ഗ്രസിനും പരുക്കേറ്റപ്പോള്‍ യു ഡി എഫ് വോട്ടുകള്‍ ഉപയോഗിച്ച്‌ സീറ്റ് നേടിയെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞു.

മലബാര്‍ മേഖലയില്‍ യു ഡി എഫിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ അഞ്ച് മുന്‍സിപ്പാലിറ്റി, ഒരു ബ്ലോക്ക്, 19 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേടി. യു ഡി എഫ് വിജയിക്കുന്ന സീറ്റുകളാണ് ഇതില്‍ മിക്കവയും. 300 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചപ്പോഴാണ് 65 സീറ്റുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിജയിക്കാനായത്. സ്വതന്ത്രരായും സ്വന്തം ചിഹ്നത്തിലും മത്സരിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്ത് 65 സീറ്റുകള്‍ നേടി.

വെല്‍ഫെയര്‍ ബന്ധത്തിന്റെ പേരില്‍ പ്രതിരോധത്തിലായ യു ഡി എഫിന് പല സീറ്റുകളും ഇതിന്റെ പേരില്‍ നഷ്ടമായി. തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിലും കോണ്‍ഗ്രസിലും ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കിയതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്. കൂട്ടുകെട്ടിനെ പരസ്യമായി പറയാന്‍ തയ്യാറാകാതെ രഹസ്യ ബാന്ധവം നിലനിര്‍ത്തുകയായിരുന്നു യു ഡി എഫ്. എന്നാല്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള യു ഡി എഫ് ബന്ധം എല്‍ ഡി എഫ് വലിയ തോതില്‍ പ്രചാരണായുധമാക്കി.

read also: ‘വോട്ടു ചെയ്യാത്ത പരിഷകൾ’ വോട്ടു ചെയ്യാത്ത ജനങ്ങളെ ഒന്നടങ്കം അധിക്ഷേപിച്ചു ജയിച്ച സിപിഎം സ്ഥാനാർഥി: വീഡിയോ

ഇത് യു ഡി എഫിന് ലഭിക്കേണ്ട ഇതര മതവിഭാഗങ്ങളുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി.പുളിക്കല്‍, എടവണ്ണ, മമ്പാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ജമാഅത്ത് ബന്ധം കാരണം ലീഗിന് തിരിച്ചടിയുണ്ടായി. വിവിധ മുസ്‌ലിം സംഘടകള്‍ ലീഗിനെതിരെ തിരിഞ്ഞു. കായക്കൊടി, വേളം പഞ്ചായത്തുകളിലും വെല്‍ഫെയര്‍ ബന്ധം ലീഗിന് തിരിച്ചടിയായി.
സംസ്ഥാനത്ത് വിവിധ ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 49 സീറ്റുകളാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേടാനായത്.

മലബാറില്‍ പലയിടങ്ങളിലും ലീഗ് കോട്ടകളില്‍ വോട്ട് ചോര്‍ച്ചയുണ്ടായത് ജമാഅത്ത് കൂട്ടുകെട്ടിന്റെ പ്രതിഫലനമാണ്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഒറ്റ സീറ്റ് പോലും നേടാന്‍ ലീഗിനായില്ല. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളാണ് ലീഗിന് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലുണ്ടായിരുന്നത്. വെല്‍ഫെയര്‍ കൂട്ടുകെട്ടാണ് ഇവിടെ ലീഗിന് വലിയ തിരിച്ചടി നല്‍കിയത്.

വരും ദിവസങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യു ഡി എഫില്‍ കൂടുതല്‍ ചര്‍ച്ചക്കിട നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഫലപ്രഖ്യാപനത്തിന് തലേദിവസം തന്നെ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഇക്കാര്യത്തില്‍ വാഗ്വാദത്തിലേര്‍പ്പെട്ടത് ഇതിന്റ സൂചനയായാണ് വിലയിരുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button