കൊല്‍ക്കത്ത : സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് എംഎല്‍എ ജിതേന്ദ്ര തിവാരി. പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും ഇദ്ദേഹം രാജിവച്ചു. കൂടാതെ ടിഎംസി പശ്ചിം ബര്‍ദ്വാന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. ഈ ആഴ്ച തൃണമൂലില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് തിവാരി.
അതേസമയം ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയിൽ നിന്നുള്ള നിര്‍ദേശപ്രകാരം തന്റെ ഓഫിസ് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. ഇനിയും നില്‍ക്കാനാവില്ല. ഞാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അസന്‍സോള്‍ നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന് കേന്ദ്രം നല്‍കിയ ഫണ്ട് നഗരവികസന വകുപ്പ് നല്‍കിയില്ലെന്നാണ് രാജിക്ക് കാരണമായി ജിതേന്ദ്ര ചൂണ്ടിക്കാട്ടിയത്.തന്റെ ജോലി ചെയ്യാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ ആ പദവിയില്‍ തുടരുന്നത് കൊണ്ട് എന്തു ഫലമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിവാരിയും നേരത്തെ രാജിവച്ച സുവേന്ദു അധികാരിയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ എംപി സുനില്‍ മണ്ഡലിന്റെ പനഗറിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എന്നാൽ സുവേന്ദു അധികാരി താമസിക്കാതെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും തിവാരി പറഞ്ഞു.
Post Your Comments