തിരുവനന്തപുരം: കോൺഗ്രസ് വിടാൻ തീരുമാനിച്ചതായി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് തമ്പാനൂർ സതീഷ്. കെപിസിസി പുനഃസംഘടനയിൽ പരിഗണിക്കപ്പെടാതെ പോയതിൽ അദ്ദേഹം അതൃപ്തി പ്രകടമാക്കുകയും ചെയ്തു. കോൺഗ്രസ് വിടുന്നത് സംഘിയും സഖാവുമാകാനില്ലെന്നും കെ കരുണാകരന്റെ ഉറച്ച ശിഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് നേതാക്കൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കോൺഗ്രസിൽ ഓരോ ഘട്ടത്തിലും പ്രതിസന്ധിയുണ്ടാക്കിയത് നേതാക്കളാണ്. കാസർഗോഡ് നിന്ന് തുടങ്ങിയ സമരാഗ്നി തിരുവനന്തപുരത്ത് എത്തിയപ്പോൾ ചാമ്പലായി. കെപിസിസി പ്രസിഡന്റാണ് അതിന് ഉത്തരവാദി. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തിയ പരിപാടി ചാമ്പലായി മാറിയപ്പോൾ അദ്ദേഹത്തിന് ദുഃഖിക്കാനില്ല. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ കണ്ണീരാണ് ചാമ്പലായി മാറിയതെന്ന് അദ്ദേഹം ഓർമിക്കണമെന്നും തമ്പാനൂർ സതീഷ് വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകർ ഉണ്ടാക്കിയ കെപിസിസി ഫണ്ട് പ്രസിഡന്റ് ധൂർത്തടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ സിപിഎം നേതാവ് പി ശശിക്കെതിരെ വ്യാജ പീഡന പരാതി കൊടുത്ത ഡിവൈഎഫ്‌ഐക്കാരനേയും കുടുംബത്തേയും സുധാകരൻ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments