തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന് ആദ്യം ലഭ്യമാകുക. ഇതിനായുള്ള രജിസ്ട്രേഷന് അന്തിമഘട്ടത്തിലെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്സിന് ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രജിസ്ട്രേഷനും പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വാക്സിന് വിതരണത്തിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്സിന് വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറേയും സ്റ്റേറ്റ് അഡ്മിനേയും ചുമതലപ്പെടുത്തി.
Post Your Comments