ഗുവാഹട്ടി : ബോഡോലാൻഡിലും മുന്നേറി ബിജെപി. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറേഷനുമായി സഖ്യം ചേർന്നാണ് ബോഡോലാന്റ് ടെറിട്ടോറിയൽ കൗൺസിൽ ഭരണം ബിജെപി പിടിച്ചെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒൻപത് സീറ്റകളും, യുപിപിഎൽ 12 സീറ്റുകളും നേടി.
നാൽപ്പത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായ ഭൂരിപക്ഷം ഒരു പാർട്ടിയ്ക്കും ലഭിച്ചിരുന്നില്ല. നിലവിൽ കൗൺസിൽ ഭരിക്കുന്ന ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് പാർട്ടിയ്ക്ക് 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാനെ കഴിഞ്ഞുള്ളൂ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വികസനങ്ങളും, ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് ഭരണത്തോടുള്ള മടുപ്പും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ.
അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസും പ്രാദേശിക പാർട്ടിയായ ഗണ സുരക്ഷാ പാർട്ടിയും കനത്ത തിരിച്ചടി നേരിട്ടു. ഇരു പാർട്ടികൾക്കും കേവലം ഒരു സീറ്റ് വീതം മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്നാൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. 2015 ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ പാർട്ടി നില മെച്ചപ്പെടുത്തി 9 സീറ്റുകളാണ് ഇക്കുറി നേടിയിരിക്കുന്നത്.
Post Your Comments