KeralaLatest NewsNews

വരുമാനത്തിൽ പുരോഗതിയില്ല; ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കുവാൻ സർക്കാരിനോട് ബോർഡ് ശുപാർശ ചെയ്യുമെന്ന് റിപ്പോർട്ട്

പമ്പ : കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിലെ ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോൾ. ഇത് ദേവസ്വം ബോർഡിന്റെ വരുമാനത്തിലും ഗണ്യമായ കുറവിന് കാരണമായി. ഇതോടെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാനുള്ള ഭക്തരുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കുവാൻ സർക്കാരിനോട് ബോർഡ് ശുപാർശ ചെയ്യുമെന്നാണ് അറിയുന്നത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മലകയറാൻ രജിസ്റ്റർ ചെയ്തവർ പോലും വരാത്തതാണ് ദേവസ്വം ബോർഡിനെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് അടക്കം കോവിഡ് രോഗം കണ്ടെത്തിയതും തിരിച്ചടിയായിട്ടുണ്ട്.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് നട തുറന്നശേഷം കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള 23 ദിവസത്തെ നടവരവ് 4.07 കോടി മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിന്റെ അഞ്ച് ശതമാനം പോലും ഇക്കുറി ലഭിച്ചില്ലെന്നതാണ് വസ്തുത. നടവരവിലൂടെയുള്ള കാണിക്ക, അപ്പം അരവണ തുടങ്ങിയവയുടെ വിൽപ്പന എന്നിവയിലൂടെ ചൊവ്വാഴ്ച വരെ 4,07,36,383 രൂപയാണ് ലഭിച്ചത്. ഇക്കാലയളവിൽ കേവലം 34,000 പേർ മാത്രമാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷം ഇതേ ദിവസംവരെയുള്ള വരുമാനം 82,70,00,000 രൂപയായിരുന്നു.

ദിവസവും ആയിരം പേർ വീതവും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേരെയുമാണ്  ശബരിമലയിൽ പ്രവേശിപ്പിക്കുവാൻ സർക്കാർ ബോർഡിന് അനുമതി നൽകിയത്. എന്നാൽ രജിസ്റ്റർ ചെയ്യുന്ന ഭക്തർ എല്ലാവരും വരുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടതോടെ ഡിസംബർ മൂന്നുമുതൽ രണ്ടായിരം പേരെയും ശനി,​ ഞായർ ദിവസങ്ങളിൽ മൂവായിരം ആയും ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button