Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം

ഡിസംബര്‍ 29 ഓടെ വാക്‌സിനുമായി ബന്ധപ്പെട്ട അവലോകനം പൂര്‍ത്തിയാകുമെന്നായിരുന്നു കരുതിയിരുന്നത്.

വാഷിംഗ്‌ടൺ: കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്കും മെഡിക്കല്‍ ഓര്‍ഗനൈസേഷനും നേരെയുള്ള ഹാക്കിങ്ങ് ശ്രമങ്ങള്‍ കൂടിയിരുന്നു. എന്നാൽ യൂറോപ്പ്യന്‍ യൂണിയനില്‍ വാക്‌സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ് (ഇ.എം.എ) തങ്ങള്‍ സൈബര്‍ അറ്റാക്കിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി തയ്യാറായില്ല. അതേസമയം വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകില്ലെന്ന് ഫൈസറും ബയോഎന്‍ടെക്കും പറഞ്ഞു. വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സൈബര്‍ ആക്രമണം തടസമാകില്ലെന്ന് ഇ.എം.എ അറിയിച്ചതായും ഫൈസര്‍, ബയോഎന്‍ടെക്ക് കമ്പനികള്‍ പ്രതികരിച്ചു.

Read Also: ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യ, കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യന്‍ മാതൃക തെരഞ്ഞെടുത്ത് വിദേശരാഷ്ട്രങ്ങള്‍

അതേസമയം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇരു കമ്പനികളും തയ്യാറായില്ല. ലോകത്ത് കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫൈസറും ബയോഎന്‍ടെക്കുമാണ്. ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സിന്റെ വിതരണം ആരംഭിച്ച് തുടങ്ങിയിരുന്നു. അതേസമയം ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. നേരത്തെ ഡിസംബര്‍ 29 ഓടെ വാക്‌സിനുമായി ബന്ധപ്പെട്ട അവലോകനം പൂര്‍ത്തിയാകുമെന്നായിരുന്നു കരുതിയിരുന്നത്. സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ തീയ്യതി ഇനിയും നീളാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button