നാഗ്പുര്‍: കുടുംബ സ്വത്തായി ലഭിച്ച വസ്തുക്കള്‍ നോക്കി നടത്താന്‍ എല്‍പ്പിച്ചയാള്‍ വഞ്ചിച്ചെന്ന പരാതിയുമായി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ അമ്മ മുക്ത ബോബ്‌ഡെ. നാഗ്പുരിലെ ആകാശവാണി സ്‌ക്വയറിൽ സ്ഥിതി ചെയ്യുന്ന മുക്തയുടെ ഉടമസ്ഥതയിലുള്ള സീഡന്‍ ലോണ്‍ എന്ന കെട്ടിടത്തിന്റെ നടത്തിപ്പ് സംബന്ധിച്ചാണ് പരാതി.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ഈ കെട്ടിടത്തിന്റെ വരുമാനത്തിൽ നിന്നും രണ്ടര കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 49കാരനായ തപസ് ഘോഷ് എന്നയാൾ അറസ്റ്റിൽ. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം തുടരുകയാണ്.
2007 മുതല്‍ ഇതിന്റെ നടത്തിപ്പ് ചുമതല തപസ് ഘോഷിനായിരുന്നു. ഇതിനായി മാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടാതെ ചടങ്ങുകള്‍ കിട്ടുന്നതിനനുസരിച്ച് കമ്മീഷനും നല്‍കിയിരുന്നു.എന്നാല്‍ തപസും ഭാര്യയും ചേര്‍ന്ന് ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതായും വാടകയായി ലഭിക്കുന്ന തുക മുഴുവന്‍ നല്‍കാതെയും വ്യാജ രസീതുകള്‍ നിര്‍മിച്ചും കബളിപ്പിച്ചതായും പരാതിയില്‍ പറയുന്നു. തന്റെ പ്രായവും അനാരോഗ്യവും മുതലെടുത്താണ് തപസും ഭാര്യയും തങ്ങളെ വഞ്ചിച്ചതെന്നും ഓഗസ്റ്റിലാണ് മുക്ത നൽകിയ പരാതിയില്‍ പറയുന്നു.
2017 മുതലുള്ള ഇടാപാടുകള്‍ പരിശോധിച്ചതില്‍ നിന്നു തപസും ഭാര്യയും രണ്ടര കോടി വെട്ടിച്ചതായി കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.വിശ്വാസ വഞ്ചന, കള്ള ആധാരമുണ്ടാക്കല്‍, കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്താണ് തപസിനും ഭാര്യയ്ക്കുമെതിരെ അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്. കെട്ടിടത്തില്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്തിട്ടും ഇതിന്റെ കണക്കുകള്‍ കൃത്യമായി ഹാജരാക്കിയില്ലെന്നും അന്വേഷണ സംഘം പറയുന്നു.
Leave a Comment