തൃശ്ശൂര്‍ : തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയർത്തിയിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾ നൽകിയ ആശ്വാസവും വികസനപ്രവർത്തനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും, ബിജെപിയും ഈ തിരഞ്ഞെടുപ്പ് പ്രചരണം അപവാദം പ്രചരിപ്പിക്കാനും അസത്യം പ്രചരിപ്പിക്കാനുമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാൻ തിരഞ്ഞെടുപ്പ് വേളയെ ഉപയോഗപ്പെടുത്തി. ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനും യുഡിഎഫ് പരിശ്രമിച്ചു. ഈ നിഷേധാത്മക നിലപാടിനെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നിരാകരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പ്രവർത്തകനെ അവർ കൊലപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുമ്പായി നാല് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു.ആർഎസ്എസും കോൺഗ്രസും ഈ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നുളളതായിരുന്നു അവരുടെ ഗൂഢാലോചന. കേരളത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. തികഞ്ഞ സംയമനത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ കായിക അക്രമങ്ങളെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments