ന്യൂഡല്‍ഹി : ഗുജറാത്തിലെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍വിടെക് മാരിടൈം കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വിഷയത്തില്‍ വരുന്ന ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. ഗോവ സര്‍ക്കാരിന്റെ സഹായത്തോടെ വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാനാണ് എന്‍വിടെക് മാരിടൈം കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ലക്ഷ്യം.
വിരാടിനെ ഏറ്റടുക്കാന്‍ അനുമതി തേടി ബോംബെ ഹൈക്കോടതിയ്ക്ക് മുമ്പാകെ കമ്പനി നല്‍കിയ അപേക്ഷയില്‍ എന്‍ഒസി നല്‍കാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നാവികസേന ഡികമ്മിഷന്‍ ചെയ്യുന്ന കപ്പലുകള്‍ സ്ഥിരമായി ഏറ്റെടുത്ത് പൊളിക്കുന്ന ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസാണ്. എന്നാല്‍, ശ്രീറാം ഗ്രൂപ്പിന് വിരാട് കൈമാറുന്നതില്‍ താത്പര്യമില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായും പ്രതിരോധ വകുപ്പ് പറയുന്നു.
ശ്രീറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് പട്ടേല്‍ വിരാടിനെ കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് കൈമാറാന്‍ ഒരുക്കമാണെന്ന് സെപ്റ്റംബറില്‍ പ്രസ്താവിച്ചിരുന്നു. താനൊരു ദേശഭക്തനായതിനാല്‍ വില 125 കോടിയില്‍ നിന്ന് 100 കോടിയാക്കിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് എന്‍ഒസിയുമായി വന്നാല്‍ വിരാട് കൈമാറാന്‍ തയ്യാറാണെന്നും മുകേഷ് പട്ടേല്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ എന്‍ഒസി നല്‍കില്ലെന്നത് നിര്‍ഭാഗ്യകരമാണെന്ന് എന്‍വിടെക്കിന്റെ മാനേജിങ് പാര്‍ട്ണറായ രുപാലി ശര്‍മ പറഞ്ഞു.
Post Your Comments