ബംഗളൂരു : ഉത്തർപ്രദേശ് സർക്കാരിന് പിന്നാലെ ലൗ ജിഹാദിനും എതിരെ നിയമനിർമാണത്തിന് ഒരുങ്ങി കർണാടകയും. ഇത് സംബന്ധിച്ച ബില്ലുകൾ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് കർണാടക സർക്കാർ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ഈ ബില്ലുകൾ പാസാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കർണാടകയും ബില്ലുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. സി എൻ അശ്വത് നാരായൺ പറഞ്ഞു. ലൗ ജിഹാദിനൊപ്പം ഗോവധത്തിനെതിരെയും കർണാടക സർക്കാർ ബില്ലുകൾ അവതരിപ്പിക്കുന്നുണ്ട്.
അടുത്തിടെ ഉത്തർ പ്രദേശിൽ ലൗ ജിഹാദിനെതിരെ നിയമം പാസാക്കിയിരുന്നു. പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവർത്തനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഓർഡിനൻസാണ് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയത്.നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ പത്തുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ലഭിക്കുക.നിർബന്ധിത മതപരിവർത്തത്തിന് ഇരയായ ആൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മതം മാറി വിവാഹം കഴിക്കുന്നതിന് രണ്ട് മാസം മുൻപ് അധികൃതരെ അറിയിക്കണമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. .
Post Your Comments