ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ ഉത്തംകുമാർ റെഡ്ഡി രാജിവച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെയാണ് ഉത്തംകുമാറിന്റെ രാജി വച്ചത്. പി സി സി അദ്ധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണെന്നും അടുത്ത പാർട്ടി അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്നും ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷയ്‌ക്ക് കത്തയച്ചിട്ടുണ്ട്.
ലോക്‌സഭാ എം പി കൂടിയായ ഉത്തംകുമാർ 2015ലാണ് തെലങ്കാന പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. 2018ൽ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട വേളയിലും അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ഉത്തംകുമാർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനായിരുന്നു ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.
150 ഡിവിഷനുകളിലേക്ക് നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. 2016ലെ തിരഞ്ഞെടുപ്പിലും ഉത്തംകുമാറിന്റെ നേതൃത്വത്തിൽ രണ്ട് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 55 ഇടത്ത് ടി ആർ എസിനാണ് വിജയം. 48 സീറ്റുകളിൽ വിജയിച്ച ബി ജെ പിയാണ് നിലവിൽ എറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി.
Post Your Comments