ലക്നൗ : ശൈത്യകാലത്തിൽ നിന്നും രക്ഷനേടാൻ യുപിയിൽ പശുക്കൾക്ക് പ്രത്യേക മേൽക്കുപ്പായം ഒരുക്കിയിരിക്കുന്നു. ശൈത്യകാലയളവിലുടെനീളം സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ഷെൽട്ടറുകളിൽ പാർപ്പിച്ചിരിക്കുന്ന പശുക്കൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലെയും വെറ്ററിനറി ഓഫീസർമാർക്ക് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നു.
പശുക്കൾക്കായി തണുപ്പിനെ പ്രതിരോധിക്കാൻ ചണ സഞ്ചികൾ കൊണ്ട് നിർമിക്കുന്ന മേൽക്കുപ്പായങ്ങൾ സജ്ജീകരിക്കുന്നതിന്റെ തിരക്കിലാണ് അധികൃതർ ഉള്ളത്. പശുക്കളെ താമസിപ്പിച്ചിരിക്കുന്ന ഷെൽട്ടറുകളിൽ തണുത്ത കാറ്റ് അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ടാർപോളിൻ, പോളിത്തീൻ കർട്ടണുകൾ ഉപയോഗിച്ച് മറച്ചിട്ടുണ്ട് . ചണ സഞ്ചികളും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് തലത്തിലും ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അയോദ്ധ്യയിൽ പശു സംരക്ഷണ കേന്ദ്രങ്ങളിൽ തീകായാനുള്ള സംവിധാനമുണ്ട്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി വെറ്ററിനറി ഡിപ്പാർട്ട്മെന്റും നിരീക്ഷണം നടത്തുന്നുണ്ട്. പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്താറുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു.പിയിലെ പശുക്കൾക്കായുള്ള ഷെൽട്ടറുകളിൽ പരിശോധന നടത്താറുണ്ട്.
Post Your Comments