സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രി ഇപി ജയരാജന്‍ തല്‍സ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സെക്രട്ടറിയാവാന്‍ മാത്രം പ്രാപ്തനല്ല താന്‍ എന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയരാജന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കോടിയേരി മാറി നില്‍ക്കുന്ന സാഹചര്യം വരുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ താങ്കള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയിലേക്ക് വരുമെന്ന് കരുതിയവര്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇപി ജയരാജന്റെ മറുപടി ഇങ്ങനെ, ‘അങ്ങനെ ആരും ധരിക്കാന്‍ ഇടയില്ലെന്നാണ് എന്റെ നിരീക്ഷണം. ഞാന്‍ അതിനൊന്നും പ്രാപ്തനായിട്ടില്ല. ഞങ്ങള്‍ ഒരുപാട് ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്.
ആ ജനസേവനത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ ഓരോ സാഹചര്യത്തിലും പാര്‍ട്ടി ഓരോ കാര്യവും വിലയിരുത്തി തീരുമാനങ്ങളെടുക്കും’. ബന്ധു നിയമന വിവാദത്തിന് പിന്നാലെ ജയരാജനെതിരെ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, തനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഇനിയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
read also: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നു
സ്വപ്‌ന സുരേഷിന് ഇപി ജയരാജന്റെ മകനുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സുരേന്ദ്രനെ നിലവാരമുള്ള നേതാവായി താന്‍ കാണുന്നില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ‘ഈ സുരേന്ദ്രനെ നിലവാരമുള്ള നേതാവായി ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് അയാള്‍ പറഞ്ഞതിനൊന്നും മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തെങ്കിലുമൊക്കെ വിളിച്ച് പറയും. അത് വിട്ടുകള’, ഇപി ജയരാജന്‍ പറഞ്ഞു
Post Your Comments