തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്. അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഇനി ഏത് റൂട്ടിലും ടിക്കറ്റ് നൽകി സ്വകാര്യ ബസുകാർക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിലുണ്ട്. ഓൺലൈൻ വാടക ഈടാക്കി ഏത് തരം വാഹനവും ടാക്സിയായി ഓടിക്കാനും ഇനി സാധിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഈ നിയമത്തിന് അനുസൃതമായി സംസ്ഥാനങ്ങളും ഉത്തരവിറക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇതോടെ ഇനി വലിയ ബസ് കമ്പനികൾക്ക് പെർമിറ്റില്ലാതെ തന്നെ ഏത് റൂട്ടിലും ബസോടിക്കാൻ സാധിക്കുകയും ചെയ്യും.
ഓൺലൈൻ ടാക്സികളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണത്തിനുളള കേന്ദ്ര നടപടിയിലാണ് പുതിയ തീരുമാനം ഉണ്ടായത്. ഓൺലൈനിൽ വാടക ഈടാക്കി ഏത് വാഹനവും ഇനി ഓടിക്കാം. നിലവിലെ കെ.എസ്.ആർ.ടി.സി ഉൾപ്പടെ പൊതുമേഖലാ റോഡ് ഗതാഗത സംവിധാനങ്ങൾക്കെല്ലാം ഈ ഉത്തരവ് വലിയ തിരിച്ചടിയാണ് . ഇപ്പോൾ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ടിക്കറ്റ് ബുക്കിംഗിനുളള ആപ്പുകളും സംവിധാനങ്ങളും ഇതോടെ നിയമവിധേയമായി.
Post Your Comments