തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച 1632 പേരില്‍ ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും സ്‌കൂള്‍ തുറക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത 1632 പേര്‍ക്കാണ് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. നിയമനം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് വഞ്ചിതരായ വിവരം മനസിലാക്കിയത്. സംഭവത്തില്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
Read Also : അമ്മ 28 വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട മകന് 40-ാം വയസ്സില്‍ മോചനം
നവംബര്‍ 5ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്ക് നിയമനം നല്‍കിയെന്നും അതില്‍ ഹയര്‍ സെക്കന്ററിയില്‍ 92 പേര്‍ക്ക് നിയമനം ലഭിച്ചതായും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമനം നല്‍കി എന്ന നിലയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പേര് പ്രസിദ്ധീകരിച്ച അദ്ധ്യാപക ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്കിടയില്‍ നിയമനം നല്‍കിയെന്ന് തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.ടി,എച്ച്.എസ്.എസ്.ടി തസ്തികകളിലേക്ക് 2020 ജനുവരി മുതല്‍ പി.എസ്.സി നിയമന ശുപാര്‍ശ കൈപ്പറ്റിയ 1600 ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്.
ജനുവരിയിലും ഫെബ്രുവരിയിലും നിയമന ശുപാര്‍ശ ലഭിച്ചവരോട് കെ.ഇ.ആര്‍ റൂള്‍ പ്രകാരം അവധി കഴിഞ്ഞ് ജൂണ്‍ 1 ന് നിയമനം നല്‍കും എന്നായിരുന്നു ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയത്. സ്‌കൂള്‍ ഔദ്യോഗികമായി തുറക്കാത്തതിനാല്‍ വെക്കേഷന്‍ കഴിഞ്ഞതായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ ചില ജില്ലകളില്‍ ഫെബ്രുവരി മാസങ്ങളില്‍ നിയമനം നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിയമന ശുപാര്‍ശ കിട്ടിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഉണ്ടായിരുന്ന തൊഴിലും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനം വൈകിയതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാവുന്ന സ്ഥിതിയിലെത്തി.
Post Your Comments