കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ പ്രത്യേക തപാല്‍ വോട്ടിംങ് ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഇന്ന് മുതല്‍ വോട്ട് ചെയ്യാം. അതത് ജില്ലകളിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുമായി ഉദ്യോഗസ്ഥര്‍ ഇവരുടെ അരികില്‍ എത്തും. താമസിക്കുന്ന സ്ഥലത്തോ ചികിത്സാകേന്ദ്രത്തിലോ പി.പി.ഇ.കിറ്റ് ധരിച്ചെത്തുന്ന ഉദ്യോഗസ്ഥരാണ് വോട്ടു ചെയ്യിക്കുന്നത്. വോട്ട് ചെയ്യിക്കുന്ന ആളും കിറ്റ് ധരിക്കണം.
വോട്ടര്‍മാരെ നേരത്തേ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥര്‍ എത്തുന്നത്. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിങ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ഉദ്യോഗസ്ഥരുടെ അടുത്ത് വോട്ട് ചെയ്യാന്‍ എത്തുക. തുടര്‍ന്ന് പോളിങ് ഓഫീസര്‍ വോട്ടറോട് വോട്ടു ചെയ്യുന്നതിന് സമ്മതം ചോദിക്കും. വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ഓഫീസര്‍ രജിസ്റ്ററിലും 19-ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പുവാങ്ങി തിരിച്ചു പോകും.
വോട്ട് ചെയ്യാന്‍ സമ്മതമാണെങ്കില്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് 19-ബി എന്ന അപേക്ഷാഫോറത്തില്‍ ഒപ്പിടണം. ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ്, പോസ്റ്റല്‍ ബാലറ്റിന്റെ ക്രമനമ്പര്‍, പേര്, മേല്‍വിലാസം, ഒപ്പ് രേഖപ്പെടുത്തി വോട്ടുചെയ്യുന്നതിനു മുമ്പായി ഫോറം-16ലുള്ള സത്യപ്രസ്താവന പൂരിപ്പിക്കണം. തുടര്‍ന്ന് 19-ബി എന്ന ഫോറം പൂരിപ്പിച്ച ശേഷം ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും കൈപ്പറ്റാം. പഞ്ചായത്തിന്റെ പേര്, വാര്‍ഡിന്റെ പേര്, നമ്പര്‍, സ്വന്തം പോളിങ് സ്റ്റേഷന്റെ പേര്, നമ്പര്‍, സ്വന്തം പേരും വിലാസവും, വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ പൊതുതിരഞ്ഞെടുപ്പ് തീയതിയും സ്വന്തം പോളിങ് സ്റ്റേഷന്റെ പേരും എഴുതണം. തുടര്‍ന്ന് പേര്, മേല്‍വിലാസം, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍, സ്ഥലം, തീയതി എന്നിവ രേഖപ്പെടുത്തി ഒപ്പുവെക്കണം. ഇതോടെ ബാലറ്റ് പേപ്പര്‍ കിട്ടുന്നതിനുള്ള അപേക്ഷാ നടപടി പൂര്‍ത്തിയാകും.
വോട്ടറുടെ വിരലില്‍ മഷി പുരട്ടുന്നതിന് പകരം ഉദ്യോഗസ്ഥന്‍ തരുന്ന ബാലറ്റ് പേപ്പറില്‍ രഹസ്യമായാണ് വോട്ട് രേഖപ്പടുത്തേണ്ടത്. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ വലതുവശത്ത് പേന ഉപയോഗിച്ച് ശരി അടയാളമോ ഗുണനചിഹ്നമോ രേഖപ്പെടുത്താം. ശേഷം കവറുകള്‍ പോളിങ് ഓഫീസര്‍ക്ക് കൈമാറാം. ഓഫീസര്‍ ഇത് കൈപ്പറ്റി രസീത് നല്‍കും. തപാലില്‍ അയക്കേണ്ടവര്‍ക്ക് ആ രീതി സ്വീകരിക്കാം. പഞ്ചായത്ത് മേഖലകളില്‍ താമസിക്കുന്നവര്‍ ജില്ലാപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപ്പഞ്ചായത്തിലെയും വോട്ടുകള്‍ വെവ്വേറെയാണ് അയക്കേണ്ടത്. തപാലില്‍ അയക്കുന്നതിന് പണമടയ്ക്കുകയോ സ്റ്റാമ്പ് ഒട്ടിക്കേണ്ടതിന്റെയോ ആവശ്യമില്ല. ഡിസംബര്‍ 16-ന് രാവിലെ എട്ടിനു മുമ്പ് ഇത് റിട്ടേണിങ് ഓഫീസര്‍ക്ക് ലഭിക്കണം.
Post Your Comments