വാഷിങ്ടണ്‍ : ഗൽവാൻ അതിർത്തിയിൽ നടന്ന സംഘർഷം ഇന്ത്യയെ തകർക്കാനുള്ള ചൈനയുടെ ഗൂഢതന്ത്രമായിരുന്നെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. ചൈന ഗൂഢാലോചന നടത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തെ വേരോടെ പിഴുതെറിയാനായിരുന്നു ചൈനയുടെ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 രാത്രിയാണ് ഇന്ത്യ-ചൈന അതിർത്തിയായ ഗൽവാനിൽ സംഘർഷം നടന്നത്. സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
പാംഗോങ്ങ് തടാക തീരത്ത് അതർത്തി ലംഘിച്ചാണ് ചൈന ഇന്ത്യൻ സൈന്യവുമായി സംഘർഷത്തിലേർപ്പെട്ടത്. എന്നാൽ ഇത് ചൈന മുൻകൂട്ടി തീരുമാനിച്ചതാണ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. എകണോമിക് ആന്റ് സെക്ക്യൂരിറ്റി റിവ്യു കമ്മീഷൻ അമേരിക്കൻ കോൺഗ്രസിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യക്കെതിരെയുള്ള പിരിമുറുക്കം വർദ്ധിപ്പിക്കാനും ഇന്ത്യൻ സൈന്യത്തെ തകർക്കാനുമായിരുന്നു ചൈനയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗൽവാനിൽ സംഘർഷം നടക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ് ഇന്ത്യക്കെതിരെ ആക്രമണം നടത്തണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. ചില ചൈനീസ് നേതാക്കളും ഇന്ത്യയെ ആക്രമിക്കണമെന്ന ആഹ്വാനം പുറപ്പെടുവിച്ചിരുന്നു. ചൈനയുമായി ശത്രുത വയ്ക്കുന്നതിലൂടെ ഇന്ത്യ വൻ തകർച്ചയാണ് നേരിടാൻ പോകുന്നത് എന്നായിരുന്നു ചൈനയുടെ ന്യൂസ്‌പേപ്പറായ ഗ്ലോബൽ ടൈംസ് പ്രചരിപ്പിച്ചിരുന്നത്. സംഘർഷത്തിന് മുൻപ് അതിർത്തിയിൽ ചൈന ആക്രമണത്തിനായുള്ള സൈനികരെ സജമാക്കിയിരുന്നു.
അതേസമയം സംഘർഷത്തിൽ നിരവധി ഇന്ത്യൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ തിരിച്ചടിയിൽ എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന വ്യക്തമാക്കിയില്ല. നാൽപ്പത് മുതൽ നൂറുവരെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 1975 നുശേഷം ഇരുഭാഗത്തും ആള്‍നാശമുണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. അതിര്‍ത്തി ഭദ്രമാക്കുന്നതിനായി സൈനിക ശക്തി ഉപയോഗിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു സംഘർഷം.
Post Your Comments