Latest NewsIndiaGulf

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍ ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി : ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താമെന്നാണു കമ്മിഷന്‍ പറയുന്നത്. ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനുളളില്‍ വോട്ട് ചെയ്യാനുളള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയക്കണം.

ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോടൊപ്പം വോട്ട് മടക്കി അയക്കണം. വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലില്‍ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലങ്ങളില്‍ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടിംഗ് നീട്ടാന്‍ നിര്‍ദ്ദേശിച്ച ബില്‍ പതിനാറാമത് ലോക്‌സഭ അസാധുവാക്കി ഒരു വര്‍ഷത്തിനു ശേഷമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button