കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവരെ സ്പെഷല്‍ വോട്ടര്‍മാര്‍ എന്നാണ് വിളിക്കുക. ഇവര്‍ക്ക് നല്‍കുന്ന തപാല്‍ ബാലറ്റ് പേപ്പര്‍ സ്പെഷല്‍ തപാല്‍ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്.
സ്പെഷല്‍ വോട്ടര്‍മാരെ രണ്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിന് 10ദിവസം മുമ്പുള്ള തീയതിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുമാണ് ആദ്യവിഭാഗം. ഇതിനുശേഷമുള്ള ദിവസങ്ങളിലും തെരഞ്ഞെടുപ്പിന്റെ തലേദിവസം വൈകീട്ട് മൂന്നുമണി വരെയും ആരോഗ്യവകുപ്പ് സമ്ബര്‍ക്ക പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തി ക്വാറന്‍റീന്‍ നിര്‍ദേശിക്കുന്നവരും പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുമാണ് രണ്ടാമത്തെ വിഭാഗം.
ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പ്രത്യേക തപാല്‍വോട്ട് മാത്രമാണ് ചെയ്യാന്‍ കഴിയുക. സ്പെഷല്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിയ വോട്ടര്‍പട്ടികയാകും പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പോളിങ് ബൂത്തില്‍ എത്തി വോട്ടുചെയ്യാന്‍ കഴിയില്ല.
ക്വാറന്‍റീനില്‍ കഴിയുന്നവരുടെ പട്ടിക വോട്ടെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ ജില്ലകളിലെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്നവരുടെ പട്ടിക ഇത്തരത്തില്‍ പ്രസിദ്ധീകരിക്കില്ല.
19ഡി എന്ന ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കുന്നതാണ് ആദ്യമാര്‍ഗം. ഈ ഫോറം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇങ്ങനെ അപേക്ഷിക്കുമ്പോൾ 19സി എന്ന ഫോറത്തില്‍ നല്‍കിയ അര്‍ഹത സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
രണ്ടാമത്തെ സംവിധാനത്തില്‍ ഇവര്‍ ചികിത്സയിലോ ക്വാറന്‍റീനിലോ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാം. ഇതിനായി പ്രത്യേക പോളിങ് ഓഫിസര്‍മാരെയും പോളിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടുചെയ്തശേഷം ബാലറ്റുകളും ഫോറങ്ങളും ഇവര്‍തന്നെയാകും സ്വീകരിക്കുക.
വോട്ടര്‍മാരെ നേരത്തേ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥര്‍ ബാലറ്റുമായി എത്തുക. ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈയിൽ കരുതണം. വോട്ട് ചെയ്യേണ്ട തദ്ദേശ സ്ഥാപനത്തിെന്‍റ പേര്, വാര്‍ഡ് നമ്ബര്‍, പോളിങ് സ്റ്റേഷന് നമ്പർ,വോട്ടര്‍ പട്ടികയിലെ ക്രമനമ്പർ എന്നിവ നേരത്തേ എഴുതി സൂക്ഷിക്കുന്നതും ഉചിതമാകും.
Post Your Comments