ടെഹ്റാന്‍ : ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെയെ കൊല്ലാന്‍ ഇസ്രായേല്‍ ”ഇലക്ട്രോണിക് ഉപകരണങ്ങള്‍” ഉപയോഗിച്ചുവെന്ന് ഇറാനിലെ ഒരു ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരോപിച്ചു. മൊഹ്സെന്‍ ഫക്രിസാദെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ രാജ്യത്തെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവ ശാസ്ത്രജ്ഞനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഇസ്രായേലില്‍ നിര്‍മ്മിച്ചതെന്നും ”ഇസ്രായേല്‍ സൈനിക വ്യവസായത്തിന്റെ ലോഗോയും സവിശേഷതകളും” ഉണ്ടായിരുന്നതായും ഇറാനിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, ടെഹ്റാനില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന അബ്‌സാര്‍ഡില്‍ വെച്ച് ഫക്രിസാദെയുടെ കാറിന് നേര്‍ക്ക് ബോംബാക്രമണവും മെഷീന്‍ ഗണ്‍ കൊണ്ടുള്ള വെടിവയ്പും നടക്കുകയായിരുന്നു. ശാസ്ത്രജ്ഞന്റെ വധത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണെന്ന ആരോപണം ഇറാനില്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
രാജ്യാന്തര സമൂഹം ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാനിയന്‍ ജനത പ്രതീക്ഷിക്കുന്നതായി ഉന്നത ശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയും വ്യക്തമാക്കുന്നു.
Post Your Comments