തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്. ഇതോടെ അടുത്ത 24 മണിക്കൂര്‍ കേരളത്തെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തേയ്ക്ക് നീങ്ങും. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാററിനും സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാത്രിമുതല്‍ കടലില്‍പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി. ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദസ്ഥാനം. 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ബുറെവി ചുഴലിക്കാറ്റായി മാറുമെന്നും മൂന്നാം തീയതിയോടെ കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് പ്രവചനം. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം.
Post Your Comments