അഹമ്മദാബാദ് : കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് രാജ്യം. ഗുജറാത്തില്‍ വാക്‌സിന്‍ ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്‌സംബര്‍ഗിന്റെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ എല്ലാ മേഖലകളിലും കോവിഡ് വാക്‌സിന്‍ വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്. ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റലിന്റെ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 19ന് നടന്ന ഇന്ത്യ-ലക്‌സംബര്‍ഗ് ആദ്യ ഉച്ചകോടിയിലാണ് ഈ പദ്ധതിയുടെ നിര്‍ദേശം ബെറ്റല്‍ മുന്നോട്ടു വെച്ചത്. അടിയന്തര ആവശ്യമെന്ന നിലയ്ക്ക് ആദ്യഘട്ടത്തില്‍ റഫ്രിജറേഷന്‍ ബോക്‌സുകളാവും സ്ഥാപിക്കുക. പൂര്‍ണ സജ്ജമായ പ്ലാന്റ് സ്ഥാപിക്കാന്‍ രണ്ട് വര്‍ഷത്തോളം സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. ബി മെഡിക്കല്‍ സിസ്റ്റം എന്ന ലക്‌സംബര്‍ഗ് കമ്പനിയാവും പ്ലാന്റ് സ്ഥാപിക്കുക. മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ ഭാരത് ആശയത്തെ അടിസ്ഥാനമാക്കി ആഭ്യന്തര ഉത്പന്നങ്ങള്‍ ഉപയോഗപ്പെടുത്തിയാവും സംഭരണസംവിധാനങ്ങള്‍ സജ്ജീകരിക്കുക.
സോളാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ റഫ്രിജറേറ്ററുകള്‍, ഫ്രീസറുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ബോക്‌സുകള്‍ തുടങ്ങിയ കോള്‍ഡ് ചെയിന്‍ വാക്‌സിന്‍ സംഭരണ സംവിധാനം സജ്ജീകരിക്കുന്ന പദ്ധതിയുടെ അവലോകനത്തിനായി ബി മെഡിക്കല്‍ സിസ്റ്റത്തില്‍ നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ചയോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിദൂര മേഖലകളില്‍ വാക്‌സിന്‍ എത്തിക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുകയായിരുന്നു.
Post Your Comments